കോട്ടയം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര ഇന്ന് കോട്ടയം ജില്ലയില്‍ പ്രവേശിക്കും. അക്ഷരനഗരിയായ കോട്ടയത്താണ് ഇന്നത്തെ സമാപന സമ്മേളനം നടക്കുക.
ഇടുക്കിയില്‍ നിന്നും എത്തുന്ന യാത്രയെ രാവിലെ 10ന് കടുത്തുരുത്തി മണ്ഡലത്തിലെ കുറവിലങ്ങാട് നഗരകവാടത്തില്‍ വാദ്യഘോഷങ്ങളുടേയും മാര്‍ഗം കളിയുടെയും പൂത്താലങ്ങളുടേയും അകമ്പടിയോടെ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. നോബിള്‍ മാത്യുവിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. അവിടെ നിന്നും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ആദ്യ സമ്മേളന നഗരിയായ കടുത്തുരുത്തിയിലെ വേദിയിലേക്ക് ആനയിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 12ന് പാല, വൈകിട്ട് മൂന്നിന് പൊന്‍കുന്നം, 4.30ന് മണര്‍കാട്, 5.30ന് ചങ്ങനാശ്ശേരി തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം ആറുമണിക്ക് മഹാസമ്മേളനവേദിയായ തിരുനക്കര മൈതാനത്തെത്തും.
സമ്മേളനം കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. വിവിധ സമുദായിക സംഘടനാ നേതാക്കള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, വിവിധ മേഖലകളിലെ പ്രമുഖര്‍ എന്നിവരുമായി കെ. സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തും. മൂന്നിന് രാവിലെ യാത്ര ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കും.