പാവങ്ങളുടെ അന്നം മുടക്കിയ പാപഭാരത്തില്‍ നിന്നും രക്ഷപ്പെടാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടതുപക്ഷത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാവപ്പെട്ട കുട്ടികളുടെ ഭക്ഷണം വെച്ച് നെറികേട് കാണിക്കുന്ന സര്‍ക്കാരാണ് പിണറായിയുടേതെന്നും ചെന്നിത്തല ആഞ്ഞടിച്ചു. വോട്ടുതട്ടാനാണ് സര്‍ക്കാര്‍ കേന്ദ്രം നല്‍കിയ ഭക്ഷ്യധാന്യങ്ങള്‍ എട്ട് മാസം വിതരണം ചെയ്യാതിരുന്നത്. കുട്ടികളുടെ ഭക്ഷ്യധാന്യങ്ങള്‍ പൂഴ്ത്തിവെച്ചിട്ട് ഇപ്പോള്‍ വിതരണം ചെയ്യുന്നത് വോട്ടിനുവേണ്ടിയാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തിലൂടെ ആരോപിച്ചു.
ഭക്ഷ്യക്കിറ്റ് വിതരണം തടസപ്പെടുത്തുന്നതിലൂടെ പ്രതിപക്ഷ നേതാവ് ജനങ്ങളുടെ അന്നം മുടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. ഇതിന് മുറപടിയായാണ് പ്രതിപക്ഷ നേതാവ് സര്‍ക്കാരിന്റെ ഭക്ഷ്യകിറ്റ് വിതരണത്തിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. ഭക്ഷ്യസാധനങ്ങള്‍ പൂഴ്ത്തിവെച്ച് തെരഞ്ഞെടുപ്പ് സമയത്ത് വിതരണം ചെയ്ത് അന്നം മുടക്കുന്നത് മുഖ്യമന്ത്രിയാണെന്നാണ് ചെന്നിത്തലയുടെ പ്രത്യാരോപണം.
ഭക്ഷ്യകിറ്റ് വിതരണം ചെയ്യരുതെന്നല്ല ഏപ്രില്‍ ആറിന് ശേഷം നല്‍കരുതെന്നാണ് പ്രതിപക്ഷം പറഞ്ഞത്. സെപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെ വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങള്‍ സര്‍ക്കാര്‍ പൂഴ്ത്തിവെച്ചു. പിണറായിയ്ക്ക് കരിഞ്ചന്തക്കാരന്റെ മനസാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. തോന്നുമ്പോള്‍ തരും അപ്പോള്‍ കഴിച്ചാല്‍ മതി എന്ന മനോഭാവമാണ് സര്‍ക്കാരിന്. എകെജി സെന്ററില്‍ നിന്നല്ല ഭക്ഷ്യസാധനങ്ങള്‍ എത്തിക്കുന്നത്. എട്ട് മാസം വിതരണം ചെയ്യാതിരുന്ന ഭക്ഷ്യധാന്യങ്ങള്‍ ഇപ്പോള്‍ വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും അത് ചൂണ്ടിക്കാട്ടുക മാത്രമാണ് പ്രതിപക്ഷം ചെയ്തതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.