നിയമസഭാ തെരഞ്ഞെടുപ്പടുത്തിരിക്കേ ക്രൈസ്തവ സഭകളുമായി ആർഎസ്എസ് ദേശീയ നേതൃത്വം ചർച്ച നടത്തി






കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പടുത്തിരിക്കേ ക്രൈസ്തവ സഭകളുമായി ആർഎസ്എസ് ദേശീയ നേതൃത്വത്തിന്‍റെ ചർച്ച. ദേശീയ ജോയിന്‍റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യയെ കൊച്ചിയിലെ ആർഎസ്എസ് കാര്യാലയത്തിലെത്തിയാണ് ഓർത്തഡോക്സ് – യാക്കോബായ സഭാ നേതൃത്വങ്ങൾ കണ്ടത്. കേരളത്തിൽ ബിജെപിക്ക് വേരുപിടിക്കണമെങ്കിൽ ക്രൈസ്തവ സഭകളുടെ വിശ്വാസമാർജിക്കണമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ആർഎസ്എസ് ദേശീയ നേതൃത്വത്തിന്‍റെ നീക്കം.

ഓർത്ത‍‍ഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തിന്‍റെ ചുമതലയുളള ബിഷപ് ഗീവർഗീസ് മാർ യൂലിയോസ്, കൊച്ചി ഭദ്രാസനത്തിന്‍റെ ചുമതലയുളള ബിഷപ് യാക്കോബ് മാർ ഐറേനിയോസ് എന്നിവരാണ് ആദ്യം ആർഎസ്എസ് കാര്യാലയത്തിൽ എത്തിയത്. ദേശീയ സഹസർകാര്യവാഹ് മൻമോഹൻ വൈദ്യയുമായിട്ടായിരുന്നു കൂടിക്കാഴ്ച. വൈകുന്നേരത്തോടെ യാക്കോബായ സഭാ നേതൃത്വവും എത്തി. മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസാണ് ആർഎസ്എസ് നേതൃത്വത്തെ കണ്ടത്. പളളിത്തർക്കവും കേരളത്തിലെ നിലവിലെ രാഷ്ടീയ സാഹചര്യവും ച‍ർച്ചയായെന്നാണ് വിവരം.  

കേരളത്തിലെ ക്രൈസ്തവ സഭകളുമായുളള ബന്ധം മെച്ചപ്പെടുത്തണമെന്നാണ് ആർഎസ്എസ്സിന്‍റെയും ബിജെപിയുടെയും തീരുമാനം. സഭാനേതൃത്വങ്ങളുടെ വിശ്വാസമാർജിച്ച് വിശ്വാസികളെ പാട്ടിലാക്കാം എന്നാണ് കണക്കുകൂട്ടൽ. 

യാക്കോബായ – ഓർത്തഡോക്സ് പളളിത്തർക്കത്തിലടക്കം മധ്യസ്ഥനായി പ്രധാനമന്ത്രി എത്തിയതും ഈ നീക്കത്തിന്‍റെ ഭാഗമാണ്. കേരളത്തിലെ ഇടത്-വലത് മുന്നണികളോട് ക്രൈസ്തവ സഭകൾക്ക് നേരത്തെയുണ്ടായിരുന്ന വിശ്വാസവും അടുപ്പവും കുറഞ്ഞത് പരമാവധി പ്രയോജനപ്പെടുത്താനാണ് തീരുമാനം. പളളിത്തർക്കത്തില‍ടക്കം കേന്ദ്രസർക്കാർ നേരിട്ട് ഇടപെടുന്നതും ഈ ക്രൈസ്തവ വോട്ടുബാങ്കിൽ കണ്ണുവെച്ചുതന്നെ.


أحدث أقدم