വയറുവേദന അഭിനയിച്ചു, കുടിക്കാൻ വെള്ളം ചോദിച്ചു; സ്വര്‍ണവും പണവും കവർന്നു



നടക്കാവ്സ : ഹേലി ബ്യൂട്ടി പാർലറിൽ നിന്നു സിനിമാ സ്റ്റൈലിൽ 5 പവൻ ആഭരണവും 60,000 രൂപയും കവർന്ന കേസിൽ കടലുണ്ടി അമ്പാളി വീട്ടിൽ അഞ്ജന (23)  5 മാസത്തിനു ശേഷം പൊലീസ് പിടിയിൽ. സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ച് വിവര പ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ഒക്ടോബർ 24ന് ആയിരുന്നു സംഭവം. ഹെന്ന ട്രീറ്റ്മെന്റിനായി ബ്യൂട്ടിപാർലറിലെത്തിയ യുവതി, ബ്യൂട്ടിഷ്യന്റെ ശ്രദ്ധ തിരിക്കാൻ വയറുവേദന അഭിനയിച്ചു.

കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുത്ത് വരുമ്പോഴേക്കും ബാഗിൽ സൂക്ഷിച്ച സ്വർണവും പണവും യുവതി കൈക്കലാക്കുകയായിരുന്നു. ചേവായൂർ പൊലീസ് കേസെടുത്തു അന്വേഷണം നടത്തുകയായിരുന്നു. പരിസര പ്രദേശങ്ങളിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ മോഷണം നടത്തിയ യുവതിയുടെ ഏകദേശ രൂപവും സഞ്ചരിച്ച സ്കൂട്ടറിനെ കുറിച്ചും സൂചന ലഭിച്ചു. പൊലീസ് നൂറിലേറെ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു.

നടക്കാവ് ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തു നിന്ന് കസ്റ്റഡിയിലെടുത്ത യുവതിയെ ചോദ്യം ചെയ്തപ്പോൾ നഗരത്തിലെ വിവിധ ബ്യൂട്ടി പാർലറുകളിൽ നടന്ന മോഷണത്തെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ചേവായൂർ സ്റ്റേഷൻ ഇൻസ്പെക്ടർ വി.വിജയകുമാർ, എസ്ഐ എൻ.അജീഷ് കുമാർ, സീനിയർ സിപിഒ രാജീവ് കുമാർ പാലത്ത്, വി.ജി.മഞ്ജു വിജി, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, എം.ഷാലു, എ.പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, പി.ശ്രീജിത്ത്, പി.ടി.ഷഹീർ, എ.വി.സുമേഷ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.


 

أحدث أقدم