‘ഐശ്വര്യ കേരളയാത്ര ഓരോ ജില്ലയിലെത്തുമ്പോഴും രാവിലെ ആളുകളെ കേള്‍ക്കാനുള്ള ലിസണിങ് എന്ന പരിപാടിയുണ്ട്. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുമായിട്ടുള്ള സംവാദ പരിപാടിയാണത്. ആലപ്പുഴയില്‍ ആ പരിപാടിയില്‍ പങ്കെടുത്ത സന്ദര്‍ഭത്തിലാണ് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്‍ സംസ്ഥാനാധ്യക്ഷന്‍ ജാക്‌സണ്‍ പൊള്ളയിലാണ് ഈ നിര്‍ണായക വിവരം കൈമാറിയത്. ഇഎംസിസി എന്ന അമേരിക്കന്‍ കമ്പനിയും കേരള ഷിപ്പിങ് ആന്റ് നാവിഗേഷന്‍ കോര്‍പറേഷനും തമ്മില്‍ 400 ട്രോളറുകള്‍ക്കും അഞ്ച് മദര്‍ ഷിപ്പുകള്‍ക്കും വേണ്ടിയുള്ള കരാര്‍ ഒപ്പിട്ടെന്നും തീരപ്രദേശത്ത് ഇത് വന്‍പ്രതിസന്ധിയുണ്ടാക്കുമെന്നും ജാക്‌സണ്‍ ആ യോഗത്തില്‍വെച്ച് പറഞ്ഞു. ഞാന്‍ ആദ്യമായിട്ടാണ് ആ വിവരം കേള്‍ക്കുന്നത്. ഞാന്‍ അമ്പരന്ന് പേയി. ആരും ഇതൊന്നും അറിഞ്ഞില്ലല്ലോ എന്ന് ഞാന്‍ പ്രതികരിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ഞാന്‍ അന്വേഷണം ആരംഭിക്കുന്നത്. അങ്ങനെയാണ് ഈ കള്ളക്കൡള്‍ ഓരോന്നും പിന്നീട് പുറത്തുവന്നത് ‘, ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘അല്ലാതെ, മുഖ്യമന്ത്രി പറയുന്നതുപോലെ ഇഎംസിസിക്കാര്‍ എന്നെ വന്ന് കണ്ടു, എന്റെ പഴയ പ്രൈവറ്റ് സെക്രട്ടറി എനിക്ക് രേഖകള്‍ തന്നു എന്നൊക്കെ പറയുന്നത് തികച്ചും അവാസ്തവമാണ്. സാമാന്യബുദ്ധിയുള്ള ആര്‍ക്കും മുഖ്യമന്ത്രിയും മന്ത്രിമാരും പറയുന്നത് കള്ളമാണെന്ന് ബോധ്യപ്പെടും. ഇഎംസിസിക്കാര്‍ എന്റെയടുത്ത് വന്ന് അവരുടെ 5000 കോടി രൂപയുടെ പദ്ധതി പൊളിച്ചുതരുമോ എന്ന് ചോദിക്കുമോ? അവരുടെ പദ്ധതി പൊളിക്കാന്‍ എന്നെ ഏല്‍പിക്കുമോ? എന്ത് കള്ളം പറഞ്ഞാലും ജനങ്ങള്‍ അത് കണ്ണട
ച്ച് വിശ്വസിക്കുമെന്ന് മുഖ്യമന്ത്രി കരുതുന്നത് ശരിയല്ല. മത്സ്യത്തൊഴിലാളികളെ വഞ്ചിക്കാനും കേരളത്തിലെ കടല്‍ വില്‍ക്കാനും തീരുമാനിച്ച സര്‍ക്കാരാണിത്. കടല്‍ക്കൊള്ളക്കാരെപ്പോലെ സര്‍ക്കാര്‍ പെരുമാറുന്നതിനെതിരെ കടലോര മക്കളുടെ രോഷമാണ് അവരെ അലോസരപ്പെടുത്തുന്നത്’, ചെന്നിത്തല ആരോപിച്ചു.
കടലിന്റെ മക്കളുടെ വികാരം തെരഞ്ഞെടുപ്പില്‍ പ്രകടമാകുമെന്നും ചെന്നിത്തല വ്യക്തമാക്കി. ആഴക്കടല്‍ മത്സ്യബന്ധന നീക്കം പൊളിച്ചതിന് മുഖ്യമന്ത്രിക്ക് തന്നോട് അരിശമാണ്. സര്‍ക്കാരിന്റെ രഹസ്യനീക്കങ്ങളെല്ലാം പ്രതിപക്ഷം പൊളിച്ചെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഇഎംസിസി ഫയല്‍ രണ്ട് തവണ കണ്ടു. മന്ത്രി തുടക്കം മുതല്‍ കള്ളം പറയുകയാണ്. മന്ത്രി ഫയല്‍ കണ്ടില്ലെങ്കില്‍ 219/യ3 /2019 എന്ന ഫയല്‍ പുറത്ത് വിടണം. 2019 ഒക്ടോബര്‍ 21നും മന്ത്രി ഫയല്‍ കണ്ടു. മന്ത്രി കണ്ട ഫയല്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.