മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം വിഡ്ഢിത്തമാണെന്ന് മന്ത്രി എം.എം. മണി

.



നെടുങ്കണ്ടം: ശബരിമല വിഷയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം വിഡ്ഢിത്തമാണെന്ന് മന്ത്രി എം.എം. മണി. 

ഈ ‍വിഷയത്തിൽ മാപ്പു പറയാന്‍ സി.പി.എം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസില്‍ അന്നു പറ്റിയതു വിഡ്ഢിത്തമാണെന്നു പറയാന്‍ ആര്‍ക്കാണ് അധികാരം. കടകംപള്ളിയുടെ ഖേദപ്രകടനത്തില്‍ സി.പി.എമ്മിന് ഉത്തരവാദിത്തമില്ല. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടി നയം. 

കേരളത്തിലെ മന്ത്രിമാര്‍ പറയുന്നതല്ല ശബരിമല വിഷയത്തിലെ ഇടതു നയമെന്ന സി.പി.ഐ നേതാവ് ആനി രാജയുടെ പ്രസ്താവനയിലും ശരിയുണ്ട്. ഈ വിഷയത്തില്‍ ഇടതു മുന്നണിക്ക് ഒരു നിലപാടുണ്ടെന്നും എം.എം. മണി സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

നിയമസഭ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് ജനവിധി തേടുന്ന കടകംപള്ളി സുരേന്ദ്രന്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഖേദപ്രകടനം നടത്തിയത്. ഖേദപ്രകടനത്തെ രാഷ്ട്രീയമായി എതിരാളികള്‍ പ്രചരണത്തില്‍ ഉള്‍പ്പെടുത്തിയതോടെയാണ് സി പി എം പ്രതിരോധത്തിലായത്.


أحدث أقدم