പുതുപ്പള്ളി മണ്ഡലത്തിലെ ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കമായി.



പുതുപ്പള്ളി മണ്ഡലത്തിലെ ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കമായി. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച യുവജന സംഗമത്തില്‍ പങ്കെടുത്തുകൊണ്ടാണ് മുന്‍മുഖ്യമന്ത്രി മണ്ഡലത്തില്‍ പ്രചരണം ആരംഭിച്ചത്. പുതുപ്പള്ളിയിലെ കുടുംബയോഗങ്ങളിലും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലും ഉമ്മന്‍ ചാണ്ടി സജീവമാകുകയാണ്. ഇത് പന്ത്രണ്ടാം തവണയാണ് ഉമ്മന്‍ ചാണ്ടി തന്റെ സ്വന്തം മണ്ഡലമായ പുതുപ്പള്ളിയില്‍ നിന്ന് ജനവിധി തേടാനൊരുങ്ങുന്നത്.

പുതുപ്പള്ളിയിലെ രാഷ്ട്രീയ കാലാവസ്ഥ മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെ യുഡിഎഫിന് അനുകൂലമായിരിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് ഉമ്മന്‍ ചാണ്ടി പ്രചരണത്തിനിറങ്ങുന്നത്. എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ പോലെ തന്നെ പുതുപ്പള്ളിയില്‍ മിന്നുന്ന നേട്ടം കൊയ്യാനാകുമെന്ന പ്രതീക്ഷുമായി എല്‍ഡിഎഫും തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്താനാകുമെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്റെ പ്രതീക്ഷ. 1970 മുതല്‍ തുടര്‍ച്ചയായി ഉമ്മന്‍ ചാണ്ടി പ്രതിനിധീകരിച്ചിരുന്ന മണ്ഡലത്തില്‍ 27,092 വോട്ടുകള്‍ക്കാണ് കഴിഞ്ഞ തവണ ജെയ്ക് സി തോമസ് പരാജയപ്പെട്ടത്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ ആറിലും ഇടതുപക്ഷത്തിന് ഭരണം പിടിക്കാന്‍ കഴിഞ്ഞതിനാല്‍ ഇത്തവണ ജെയ്ക് സി തോമസിന്റെ പ്രതീക്ഷയേറുകയാണ്.

പുതുപ്പള്ളിയില്‍ എതിരെ മത്സരിക്കുന്നവരെ വില കുറച്ച് കാണുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. ഉമ്മന്‍ചാണ്ടി കഴിഞ്ഞ 50 വര്‍ഷമായി ജനപ്രതിനിധിയായിരിക്കുന്ന പുതുപ്പള്ളി കേരളം ഒന്നടങ്കം ഉറ്റുനോക്കുന്ന മണ്ഡലമാണ്. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍  71,597 വോട്ടുകളാണ് നേടിയത്. അരിവാള്‍ ചുറ്റിക നക്ഷത്രചിഹ്നത്തില്‍ മത്സരിച്ച ജെയ്ക് സി തോമസിന് 44,505 പേര്‍ വോട്ടുചെയ്തു.

أحدث أقدم