ബലാത്സംഗ കേസിൽ ഇരുപത് വർഷം ജയിൽ ശിക്ഷയനുഭവിച്ച ആൾക്കെതിരെ തെളിവില്ലെന്ന് കണ്ടെത്തി കുറ്റവിമുക്തനാക്കി.





അലഹബാദ്: ബലാത്സംഗ കേസിൽ ഇരുപത് വർഷം ജയിൽ ശിക്ഷയനുഭവിച്ച ആൾക്കെതിരെ തെളിവില്ലെന്ന് അലഹബാദ് ഹൈക്കോടതി. നിരാപരാധിയെന്ന് തെളിഞ്ഞതോടെ ലളിത് പൂര്‍ സ്വദേശി വിഷ്ണു തിവാരിയെ കോടതി കുറ്റവിമുക്തനാക്കി. തിവാരിയെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

നീതിക്കായി തന്നെ സഹായിച്ചവർക്ക് നന്ദി പറഞ്ഞ് പ്രതിഷേധമേതുമിവല്ലാതെ ഇരുപത് വർഷത്തിന് ശേഷം വിഷ്ണു തിവാരി നാട്ടിലേക്ക് മടങ്ങി. കയ്യിലുണ്ടായിരുന്നത് ജയിലിൽ നിന്ന് പണി എടുത്ത് കിട്ടിയ അറുനൂറ് രൂപ മാത്രം. 

2000 ത്തിലാണ് ഗ്രാമത്തിലെ ഒരു സ്ത്രീ തിവാരിക്കെതിരെ ബലാത്സംഗ പരാതി നൽകുന്നത്. അന്ന് പ്രായം 23. ലൈംഗികാതിക്രമം, എസ്.സി/എസ്ടി നിയമപ്രകാരമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി തിവാരിയെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. 

തുടർന്ന് 2003ല്‍ ആഗ്ര ജയിലേക്ക്. 2005 ൽ തനിക്കെതിരെയുള്ള വിധിക്കെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ തിവാരി തീരുമാനിച്ചു. എന്നാൽ അച്ഛനും സഹോദരനും മരിച്ചതോടെ ശ്രമം പാതിവഴിയിലായി. തുടർന്ന് ദീർഘനാൾ ജയിൽവാസം. ഇതിനിടെ ജയിലിൽ തന്നെ കാണാൻ എത്തിയ സന്നദ്ധ സംഘടന വഴി നിയമപോരാട്ടം തുടങ്ങി. 

ഒടുവിൽ മൂന്ന് ദിവസം മുൻപ് ആ വിധി എത്തി. തിവാരിക്കെതിരെ കേസ് എടുക്കാൻ കാലതാമസമുണ്ടായെന്ന് വ്യക്തമാക്കിയ കോടതി ഭൂമിയുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് പരാതിക്ക് പിന്നിലെന്നും നിരീക്ഷിച്ചു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് പൊലീസിസിനെതിരെ കടുത്ത വിമ‍ർശനവും കോടതി ഉന്നയിച്ചു.


أحدث أقدم