_എറ്റുമാനൂരിൽ ആർക്കാകും നറുക്ക്_ കുറുപ്പിനോ, വാസവനോ?




കോട്ടയം ജില്ലയിലെ   സി പി എം സ്ഥാനാർഥികളെ സംബന്ധിച്ചുള്ള സാധ്യതാ പട്ടിക പുറത്തു വന്നതോടെ എറ്റുമാനൂർ ശ്രദ്ധാകേന്ദ്രമാകുന്നു.

ഇനി ഒരു മത്സരത്തിന് ഇല്ലെന്ന് കാലേക്കൂട്ടി പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടും നിലവിലെ എംഎൽഎ കെ.സുരേഷ് കുറിപ്പിൻ്റെ പേരാണ് ഇവിടെ മുഖ്യ പരിഗണനയായി വന്നിട്ടുള്ളത്. ഒപ്പം സി പി എം ജില്ലാ സെക്രട്ടി വി.എൻ.വാസവനും ലിസ്റ്റിൽ വന്നിട്ടുണ്ട്.

സുരേഷ് കുറുപ്പിൻ്റെ മനസ്സിലിരുപ്പ് അറിഞ്ഞ് ഏറ്റുമാനൂർ  മണ്ഡലം മുൻനിർത്തിയുള്ള നീക്കങ്ങൾ വാസവൻ'  നടത്തിയിരുന്നു. ഇത് ഏതാണ്ട് പൂർണ്ണ വിജയത്തോട് അടുക്കുമ്പോഴാണ് രണ്ട് പേരുകൾ സാധ്യതാ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.

യു ഡി എഫിൽ കേരളാ കോൺഗ്രസ് എം വിഭാഗത്തിൻ്റെ സീറ്റായിരുന്നു ഏറ്റുമാനൂർ.

 കേരളാ കോൺഗ്രസിൻ്റെ ഇടത് പ്രവേശനം ഉയർന്നുവന്ന വേളയിൽ ഇതിന് മധ്യസ്ഥത നിന്ന വി.എൻ. വാസവൻ ഉന്നയിച്ച മുഖ്യ ആവശ്യം സി പി എം സിറ്റിങ്ങ് സീറ്റായി ഏറ്റുമാനൂർ വിട്ടുതരണം എന്നതായിരുന്നു. ഇത് ജോസ് കെ മാണി അംഗീകരിച്ചതോടെ ആണ് മുന്നണി പ്രവേശനം സാധ്യമായതെന്നാണ് പറയപ്പെടുന്നത്.

കോട്ടയത്ത് അടിത്തറ വിപുലപ്പെടുത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണനോട് വീണ്ടുമൊരു മത്സരത്തിന് വാസവന് താൽപ്പര്യവുമില്ല. 

കുമരകം ഉൾപ്പെടുന്ന കോട്ടയത്തിൻ്റെ പടിഞ്ഞാറൻ മേഖല ഉൾപ്പെടുന്ന ഏറ്റുമാനൂർ മണ്ഡലം എന്തുകൊണ്ടും സുരക്ഷിതമാണെന്ന ആത്മവിശ്വാസവും സി പി എം നേതാവിനുണ്ട്. എന്നാൽ സ്ഥാനാർഥികളെ സംബന്ധിച്ച സാധ്യതാ പട്ടിക വന്നപ്പോൾ വീണ്ടും സുരേഷ് കുറുപ്പിൻ്റെ പേരിന് ആദ്യ പരിഗണന വന്നത് സ്വപ്നങ്ങളെ വഴിമുടക്കുമോ എന്ന ആശങ്കയും ഉയർത്തുന്നുണ്ട്.

മത്സരത്തിന് ഇല്ലെന്ന കുറുപ്പിൻ്റെ മുൻ നിലപാടിന് ഇളക്കം തട്ടിയില്ലെങ്കിൽ വി.എൻ.വാസവന് തന്നെ നറുക്ക് വീഴാനാണ് സാധ്യത.

ഇടതിന് തുടർ ഭരണം ലഭിച്ചാൽ പിണറായി - കോടിയേരി അച്ചുതണ്ടിൻ്റെ വിശ്വസ്തനായ വി എൻ  വി മന്ത്രിയാകുമെന്ന പ്രചാരണം പാർട്ടി പ്രവർത്തകർക്കിടയിൽ ഇപ്പോൾത്തന്നെയുണ്ട്. കുറുപ്പ് നിരസിച്ച കാബിനറ്റ് പദവികൾ വാസവനിലൂടെ ഏറ്റുമാനൂരിന് നേടാനാകുമെന്ന പ്രതീക്ഷ സി പി എം പ്രവർത്തകർക്കിടയിൽ ഉണ്ട്.

ഏതാനും ദിവസങ്ങൾക്കുള്ളിൽ സ്ഥാനാർഥി ആരെന്ന ചിത്രം വ്യക്തമാകും.  നറുക്ക് ആർക്കു വീഴുമെന്ന് കാത്തിരിക്കാം...
أحدث أقدم