എല്‍ഡിഎഫ് പര്യടനത്തിന് ഇടയിലേക്ക് വാഹനം ഇടിച്ചു കയറ്റി പിസി ജോര്‍ജിന്റെ മകന്‍ ; രണ്ട് പേർ ആശുപത്രിയിൽ



പൂഞ്ഞാറിലെ എല്‍ഡിഎഫ് പര്യടനത്തിന് ഇടയിലേക്ക് പിസി ജോര്‍ജ് എംഎല്‍എയുടെ മകന്‍ ഷോണ്‍ ജോര്‍ജ് അമിതവേഗതയില്‍ വാഹനം ഇടിച്ച് കയറ്റിയതായി പരാതി. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ പൂഞ്ഞാര്‍ പഞ്ചായത്തിലെ പര്യടനത്തിനിടയിലാണ് സംഭവം. തുടര്‍ന്ന് നിര്‍ത്താതെ പോയ വാഹനത്തിന്റെ നമ്പര്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചപ്പോഴാണ് ഷോണ്‍ ജോര്‍ജിന്റെ വാഹനമാണന്ന് തിരിച്ചറിഞ്ഞത്.

സംഭവത്തില്‍ പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ പി കെ തോമസ് പുളിമൂട്ടില്‍, ഷിബു എന്നിവരെയാണ് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അക്രമണത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഈരാറ്റുപേട്ടയില്‍ പ്രതിഷേധ പ്രകടനം നടത്തി.


 
അതേസമയം കഴിഞ്ഞ ദിവസം പൂഞ്ഞാര്‍ മണ്ഡലത്തില്‍ പി സി ജോര്‍ജിന്റെ പ്രചാരണത്തിനിടെ സംഘര്‍ഷം ഉണ്ടായിരുന്നു. എല്‍ഡിഎഫ് പ്രവര്‍ത്തകരും ജനപക്ഷം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. കോട്ടയം പാറത്തോട്ടില്‍ ഇരു വിഭാഗങ്ങളുടെ പ്രചാരണ വാഹനങ്ങള്‍ ഒരു സ്ഥലത്ത് എത്തിയതിന് പിന്നാലെയാണ് വാക്കേറ്റമുണ്ടായത്.

ഇതോടെ പി സി ജോര്‍ജിന് പ്രസംഗം നിര്‍ത്തേണ്ടി വന്നു. തന്റെ പ്രചാരണം ഇടത് മുന്നണി പ്രവര്‍ത്തകര്‍ അലങ്കോലമാക്കിയെന്ന് പി സി ജോര്‍ജ് ആരോപിച്ചു. പിന്നീട് പ്രചാരണവുമായി പി സി ജോര്‍ജ് മുന്നോട്ട് പോയി. കഴിഞ്ഞ ദിവസവും സമാനമായ രീതിയില്‍ പി സി ജോര്‍ജിന്റെ പ്രചാരണം സ്തംഭിച്ചിരുന്നു.


أحدث أقدم