പൊലീസുകാരന് സസ്‌പെന്‍ഷന്‍ ഉദ്ഘാടന ചടങ്ങിന്ക്ഷണിക്കാത്തതിലെ ദേഷ്യം തീര്‍ക്കലെന്ന് ആരോപണം, ഡിസിപി ഐശ്വര്യ വീണ്ടും വിവാദത്തില്‍




കൊച്ചി : പാറാവു നിന്ന പൊലീസ് ഉദ്യോഗസ്ഥ തിരിച്ചറിഞ്ഞില്ലെന്ന കാരണത്താല്‍ ഇവര്‍ക്കെതിരെ നടപടിയെടുത്ത് വിവാദത്തിലായ കൊച്ചി ഡിസിപി ഐശ്യര്യ ഡോങ്‌റെ വീണ്ടും വിവാദത്തില്‍. കളമശേരി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിഎസ് രഘുവിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയാണ് വിവാദമായിരിക്കുന്നത്.

പിഎസ് രഘുവിന്റെ നേതൃത്വത്തില്‍ കളമശേരി പൊലീസ് സ്റ്റേഷനില്‍ ടീ വൈന്‍ഡിംഗ് മെഷീന്‍ ഉള്‍പ്പെടെ സ്ഥാപിച്ചതിനു പിന്നാലെയാണ് നടപടി. പൊലീസ് സ്റ്റേഷന്‍ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി സ്റ്റേഷനിലെത്തുന്നവര്‍ക്ക് ചായയും ബിസ്‌കറ്റും തണുത്ത വെള്ളവും നല്‍കുന്ന പദ്ധതി നടപ്പാക്കിയതിനു ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നുവരെ അഭിനന്ദനമെത്തിയിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി.

എന്നാല്‍ പദ്ധതി നടപ്പാക്കി ഉച്ചയോടെ പദ്ധതിക്കു മുന്നില്‍ നിന്ന പിഎസ് രഘുവിന് സസ്‌പെന്‍ഷന്‍ ലഭിക്കുകയായിരുന്നു. പരിപാടിയെക്കുറിച്ച് മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ മാധ്യമങ്ങള്‍ക്ക് അഭിമുഖം കൊടുത്തു എന്ന പേരിലാണ് നടപടി. എന്നാല്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ഡിസിപിയെ ക്ഷണിക്കാത്തതിനുള്ള നീരസമാണ് നടപടിക്ക് കാരണമെന്നാണ് ഉയരുന്ന ആരോപണം.

സ്വന്തം പോക്കറ്റില്‍ നിന്നും പണമെടുത്തും സഹപ്രവര്‍ത്തകരില്‍ നിന്നും പണം സ്വരൂപിച്ചതുമായിരുന്നു പിഎസ് രഘു ടീ വൈന്‍ഡിംഗ് മെഷീന്‍ സ്ഥാപിച്ചത്. നേരത്തെയും മാതൃകാപരമായ പ്രവൃത്തിയിലൂടെ പിഎസ് രഘു ശ്രദ്ധ നേടിയിരുന്നു. കൊവിഡ് ഭീതി സമയത്ത് നെടുമ്പാശേറി വിമാനത്താവള പരിസരത്തു വെച്ച് പഴ്‌സ് നഷ്ടപ്പെട്ട ഫ്രഞ്ച് വനിതയെ കൊവിഡ് ഉണ്ടെന്ന് ഭയന്ന് ആളുകള്‍ അകറ്റി നിര്‍ത്തിയതോടെ രഘുവെത്തി ഇവര്‍ക്ക് ഭക്ഷണം വാങ്ങി നല്‍കുകയും ഫ്രഞ്ച് എംബസിയെ അറിയിച്ച് സഹായമെത്തിക്കുകയും ചെയ്തിരുന്നു. ഇവര്‍ കയറിയ ഓട്ടോ സിസിടിവി ഉപയോഗിച്ച് കണ്ടെത്തി പഴ്‌സ് ഇവര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. അന്ന് കൊച്ചി ഐജിയായിരുന്ന വിജയ് സാഖറെ ക്യാഷ് അവാര്‍ഡും പ്രശ്‌സ്തി പത്രവും നല്‍കി ഇദ്ദേഹത്തെ അനുമോദിച്ചിരുന്നു.

ജനുവരി മാസത്തില്‍ മഫ്തിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് കയറി വന്ന തന്നെ, ആള്‍ അറിയാതെ തടഞ്ഞ വനിതാ പൊലീസുകാരിക്കെതിരെ നടപടി സ്വീകരിച്ച ഡിസിപി ഐശ്വര്യ ഡോങ്റെയുടെ നടപടി നേരത്തെ വിവാദമായിരുന്നു. ആഭ്യന്തര വകുപ്പ് സംഭവത്തില്‍ ഐശ്വര്യക്ക് താക്കീതും നല്‍കിയിരുന്നു. എറണാകുളം നോര്‍ത്തിലെ വനിതാ സ്റ്റേഷനില്‍ പാറാവു ജോലി ചെയ്ത ഉദ്യോഗസ്ഥയെയാണ് ഐശ്വര്യ ട്രാഫിക്കിലേക്ക് സ്ഥലംമാറ്റിയത്.
أحدث أقدم