പിണറായിയുടെ കൈവശം പതിനായിരം രൂപ; ഭാര്യയുടെ കൈയ്യില്‍ രണ്ടായിരം; കടന്നപ്പള്ളിയുടെ സ്ഥിതി ഇതുതന്നെ




ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ നിന്നും ഇത്തവയും ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പിണറായി വിജയനും ഭാര്യ കമലക്കുമായി ആകെയുള്ള സ്വത്ത് വിവരങ്ങള്‍ നാമനിര്‍ദേശ പത്രികക്കൊപ്പമുള്ള അഫിഡവിറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രകാരം പിണറായി വിജയന്റെ കൈയ്യിലുള്ളത് 10,000 രൂപയാണ്. റിട്ട. അധ്യാപിക കൂടിയായ കമലയുടെ കൈയ്യില്‍ 2000 രൂപയും.

ഇതിന് പുറമേ തലശ്ശേരി എസ്ബിഐയില്‍ പിണറായി വിജയന് 78,048.51 രൂപയും പിണറായി സര്‍വ്വീസ് സഹകരണ ബാങ്കില്‍ 5400 രൂപയും നിക്ഷേപമുണ്ട്. കൈരളി ചാനലില്‍ 10,000 രൂപയുടെ 1000 ഷെയറും, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തില്‍ 500 രൂപയുടെ ഒരു ഷെയറും 100 രൂപ വില വരുന്ന ഒരു ഷെയര്‍ പിണറായി ഇന്‍ഡസ്ട്രിയല്‍ കോപ്പറേറ്റീവ് സൊസൈറ്റിയിലുമുണ്ട്. ഇതിന് പുറമേ കിയാലില്‍ ഒരു ലക്ഷം രൂപയുടെ ഷെയറുമുണ്ട്.

സ്വര്‍ണാഭരണങ്ങളൊന്നും സ്വന്തമായില്ല. ബാങ്ക് നിക്ഷേപവും ഷെയറുമടക്കം ആകെ 2,04,048.51 രൂപയുടെ നിക്ഷേപമുണ്ട്. ഇതിന് പുറമേ പിണറായിയില്‍ 8.70 ലക്ഷം രൂപ വിലവരുന്ന വിട് ഉള്‍പ്പെടുന്ന 58 സെന്റ് സ്ഥലവും പാതിരിയാട് 7.90 ലക്ഷം വില വരുന്ന 20 സെന്റ് സ്ഥലവും സ്വന്തമായുണ്ട്.മുഖ്യമന്ത്രിയെന്ന നിലയിലുള്ള ശമ്പളവും വരുമാനവുമാണ് പിണറായി വിജയന്റെ വരുമാനം. കമലക്ക് 29,767,17.61 രൂപയുടെ സമ്പത്താണുള്ളത്.

കണ്ണൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ കൈവശം ആകെയുള്ളത് 2000 രൂപ മാത്രമാണ്. ഭാര്യ ടിഎം സരസ്വതിയുടെ കൈവശം 5000 രൂപയുമുണ്ട്. വിവിധ ബാങ്കുകളിലായി 2,66,715 രൂപയാണ് കടന്നപ്പള്ളിയുടെ നിക്ഷേപം. ഭാര്യയുടെ പേരില്‍ ആകെയുള്ള നിക്ഷേപം 2284 രൂപയാണ്.
أحدث أقدم