തിരുവനന്തപുരം: കോണഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ ഇടമില്ലെന്ന് ഉറപ്പായതോടെ വൈകാരിക പ്രതികരണവുമായി മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ്. പല പദവികളിലായി പതിറ്റാണ്ടുകൾ നീണ്ട പ്രവര്‍ത്തനങ്ങളെല്ലാം എണ്ണിപ്പറഞ്ഞ ലതികാ സുഭാഷ് മാധ്യമങ്ങൾക്ക് മുന്നിൽ വിതുമ്പിക്കരഞ്ഞു. മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു. തല മുണ്ഡനം ചെയ്താണ് അവര്‍ വൈകാരിക പ്രതിഷേധം പങ്കുവച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ജൻമനാടായ ഏറ്റുമാനൂരിൽ മത്സരിക്കണമെന്ന ആഗ്രഹമാണ് അവര്‍ തുടക്കം മുതൽ പങ്കുവച്ചിരുന്നത്. ഇക്കാര്യം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കം മുതിര്‍ന്ന നേതാക്കളെ എല്ലാം അറിയിക്കുകയും ചെയ്തിരുന്നു. അനുഭാവ പൂര്‍വ്വമായ സമീപനം പ്രതീക്ഷിച്ചിരുന്ന അവര്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതോടെയാണ് പ്രതികരണവുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.
സ്ഥാനാര്‍ത്ഥി പട്ടികയിൽ ഏറെ ദുഖമുണ്ടെന്ന് ലതികാ സുഭാഷ് പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി അലഞ്ഞ സ്ത്രീകളെ എല്ലാം അവഗണിച്ചു. മാധ്യമങ്ങൾക്ക് മുന്നിൽ കരയേണ്ടി വന്നു കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണക്ക് സീറ്റ് കിട്ടാൻ.
ആരോടുമുള്ള പോരല്ല പ്രതിഷേധം. മറ്റൊരു പാര്‍ട്ടിയിലും പോകാൻ ഉദ്ദേശിക്കുന്നില്ല. മറ്റ് കാര്യങ്ങളെ കുറിച്ച് അടുപ്പമുള്ള പാര്‍ട്ടി പ്രവര്‍ത്തകരുമായി ആലോചിച്ച ശേഷം തീരുമാനിക്കും. മാധ്യമങ്ങൾക്ക് മുന്നിൽ തല മുണ്ഡനം ചെയ്താണ് ലതികാ സുഭാഷ് പ്രതിഷേധം പ്രകടിപ്പിച്ചത്. പിണറായി മോദി സര്‍ക്കാരിന്‍റെ സ്ത്രീ വരുദ്ധ നയങ്ങൾക്കെതിര ഒരു പകുതിയും സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന കോൺഗ്രസ് നയത്തിനെതിരെ മറുപകുതിയും തലമുണ്ഡനം ചെയ്യുന്നു എന്നും തിരുത്തൽ ശക്തിയായി എന്നും ജനങ്ങൾക്ക് ഇടയിൽ ഉണ്ടാകുമെന്നുമാണ് ലതികാ സുഭാഷിന്‍റെ പ്രതികരണം.