പൊന്നാനിയില്‍ നന്ദകുമാര്‍ തന്നെ; എതിർപ്പ് തള്ളി സിപിഎം; അസാധാരണ നീക്കങ്ങൾ



മലപ്പുറം പൊന്നാനിയില്‍ പി.നന്ദകുമാര്‍ തന്നെ സി.പി.എം സ്ഥാനാര്‍ഥിയാകും. ടി.എം സിദ്ദിഖിനായി മണ്ഡലം കമ്മിറ്റിയില്‍ ശക്തമായ ആവശ്യമുയര്‍ന്നിരുന്നു. അന്തിമതീരുമാനം സംസ്ഥാന നേതൃത്വം എടുക്കുമെന്ന് നേതാക്കള്‍ മണ്ഡലം കമ്മിറ്റിയില്‍ വ്യക്തമാക്കി. 

ടി.എം സിദ്ദിഖിനെ മല്‍സരിക്കണം എന്നാവശ്യപ്പെട്ട് സിപിഎമ്മില്‍ പൊട്ടിത്തെറിയാണുണ്ടായത്. വിവിധ ലോക്കല്‍ കമ്മിറ്റിയിലെ പന്ത്രണ്ട് പേര്‍ രാജിവെച്ചു. ആറ് ബ്രാഞ്ച് സെക്രട്ടറിമാരും രാജിവെച്ചു. സി.ഐ.ടി.യു നേതാവ് പി.നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കിയത് വിശദീകരിക്കാനുള്ള നിയോജകമണ്ഡലം റിപ്പോര്‍ട്ടിങ് വൈകിട്ട് നടക്കാനിരിക്കേയാണ് കൂട്ട രാജി. എന്നാല്‍ പ്രതിഷേധങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് ടി.എം സിദീഖ് മനോരമ ന്യൂസിനോട് പ്രതികരിച്ചു.

ഇന്നലെ തെരുവിലിറങ്ങിയ പ്രതിഷേധം സിപിഎമ്മില്‍ ഇന്ന് കൂട്ടരാജിയിലേക്ക് മാറി. എരമംഗലം,പൊന്നാനി,വെളിയങ്കോട് എന്നീ ലോക്കല്‍ കമ്മിറ്റിയിലെ പന്ത്രണ്ട് അംഗങ്ങള്‍ രാജിക്കത്ത് നല്‍കി.


ആറ് ബ്രാഞ്ച് സെക്രട്ടറിമാരും രാജിവെച്ചു. കൂടുതല്‍ പേര്‍ പ്രവര്‍ത്തനം നിര്‍ത്തുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തി. പൊന്നാനി നിയോജകമണ്ഡലം കമ്മറ്റി റിപ്പോര്‍ട്ടിങ് നടക്കാനിരിക്കേയാണ് അമ്പരപ്പിക്കുന്ന പൊട്ടിത്തെറി. പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള നീക്കവും സജീവവമായിരുന്നു.

ഇന്നലെ നടന്ന പ്രതിഷേധത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍മാറണമെന്നും ജില്ലാ സെക്രട്ടറേറിയറ്റ് അംഗം കൂടിയായ ടി.എം സിദീഖ് മാധ്യമങ്ങളോട്  പറഞ്ഞു. പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെ മുന്നോട്ട് പോകാന്‍ പാര്‍ട്ടിക്ക് കഴിയില്ല. ഇന്നലെ പരസ്യമായി മുദ്യാവാക്യങ്ങളുമായി തെരുവിലിറങ്ങിയവര്‍ക്കെതിരെ തല്‍ക്കാലം അച്ചടക്കനടപടികള്‍ എടുക്കേണ്ട എന്നാണ് തീരുമാനം.


أحدث أقدم