മൂവാറ്റുപുഴ: അതിക്രൂരമായ നിലയില്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ കുട്ടി അതീവ ഗുരുതരാവസ്ഥയില്‍. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്. മൂവാറ്റുപുഴയില്‍ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശികളുടെ കുടുംബത്തിലെ നാലര വയസുള്ള പെണ്‍കുട്ടിയാണ് അതിക്രൂരമായ പീഡനത്തിന് ഇരയായത്.
ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണ്.
കടുത്ത വയറുവേദനയും മറ്റും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് കുഞ്ഞിനെ മൂവാറ്റുപുഴ നെടുംചാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. . ഇവിടെ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സര്‍ജറി വിഭാഗം നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവും പരിക്കും കണ്ടെത്തിയിരുന്നു. തുടര്ന്ന് നടത്തിയ സ്കാനിങ്ങിലാണ് കുഞ്ഞിന്റെ കുടല്‍ പൊട്ടിയതായി കണ്ടെത്തിയത്.
സര്‍ജറി വിഭാഗം നടത്തിയ ശസ്ത്രക്രിയയിലാണ് പരിക്കുകള്‍ ഗുരുതരമാണെന്ന് ബോധ്യപ്പെട്ടത്.
ഡോക്ടര്‍മാര്‍ ബന്ധുക്കളോട് വിശദമായി കാര്യങ്ങള്‍ തിരക്കിയെങ്കിലും ഒന്നും അറിയില്ലെന്നാണ് ഇവര്‍ പറയുന്നത്. ഈ ദമ്പതികളുടെ രണ്ടു മക്കള്‍ കൂടി ആശുപത്രിയിലുണ്ട്. ഇതില്‍ മൂത്ത പെണ്‍കുട്ടിയും വയറുവേദന ഉണ്ടെന്ന് അറിയിച്ചതോടെ ഈ കുട്ടിയെയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചിരിക്കുകയാണ്.