സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാകാതെ യു.ഡി.എഫ്

കൊച്ചി :യുഡിഎഫില്‍ സീറ്റ് വിഭജനം കീറാമുട്ടിയായി തുടരുന്നു.സീറ്റ് വിഭജനം നേരത്തേ പൂർത്തിയാക്കി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനായിരുന്നു യുഡിഎഫിലെ ധാരണ. പക്ഷേ മുന്നണിയിലെ പ്രധാന കക്ഷികളായ ലീഗുമായും ജോസഫ് ഗ്രൂപ്പുമായും സീറ്റ് വിഭജനത്തില്‍ സമവായത്തിലെത്താന്‍ കോണ്‍ഗ്രസിന് ആയില്ല. മുസ്‍ലിം ലീഗിന് കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റ് നല്‍കാന്‍ ധാരണയായിട്ടുണ്ട്. എന്നാല്‍ ലീഗ് ആവശ്യപ്പെട്ട പട്ടാമ്പി നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. പകരം കോങ്ങാട് നല്‍കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം. പട്ടാമ്പി തരില്ലെങ്കില്‍ പേരാമ്പ്രയും വേണ്ടെന്നാണ് ലീഗിന്റെ മറുപടി. പകരം വിജയം ഉറപ്പുള്ള സീറ്റ് വേണമെന്നും ലീഗ് ആവശ്യപ്പെട്ടു. കൂത്തുപറമ്പ് സീറ്റ് മാത്രമാണ് ലീഗിന് നല്‍കാന്‍ ധാരണയായത്.

ജോസഫ് ഗ്രൂപ്പിന്റെ പക്കലുള്ള ഏറ്റുമാനൂർ സീറ്റ് വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. നല്‍കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് പി ജെ ജോസഫ്. മൂവാറ്റുപുഴ വേണമെന്ന ജോസഫിന്റെ ആവശ്യവും കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ല. 12 സീറ്റ് ജോസഫ് ചോദിക്കുന്നുണ്ടെങ്കിലും 10 സീറ്റ് നല്‍കി ജോസഫിനെ അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. കയ്‍പമംഗലം സീറ്റിന് പകരം അമ്പലപ്പുഴ സീറ്റ് വേണമെന്നാണ് ആർഎസ്പിയുടെ ആവശ്യം. എന്‍ കെ പ്രേമചന്ദ്രന്‍ എംപി ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളെ കണ്ടു. സ്ഥാനാർഥി നിർണയം കഴിഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയാലേ സീറ്റ് വിഭജന ചർച്ചകളില്‍ അന്തിമ തീരുമാനമുണ്ടാകൂ.

أحدث أقدم