ഇരട്ടവോട്ടുള്ളവര്‍ ഒരു വോട്ടുമാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനു നിര്‍ദേശം നല്കി. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു. ഇരട്ട വോട്ട് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജിയിലാണു ഹൈക്കോടതിയുടെ നിര്‍ദേശം.
സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ വ്യാജമായി ചേര്‍ത്ത പേരുകള്‍ നീക്കണമെന്നും ഇതിനുത്തരവാദികളായവരെ ശിക്ഷിക്കണമെന്നുമാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയിരുന്നത്. 131 മണ്ഡലങ്ങളിലായി 4.34 ലക്ഷത്തിലധികം പേരെ വ്യാജമായി പട്ടികയില്‍ ചേര്‍ത്തിട്ടുണ്ടെന്നും ഇക്കാര്യം വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ക്കും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും കത്തുകള്‍ നല്‍കിയെങ്കിലും മറുപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
വ്യാജമായി ചേര്‍ത്ത പേരുകള്‍ പട്ടികയില്‍നിന്നു നീക്കുകയോ മരവിപ്പിക്കുകയോ വേണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി വേണമെന്നും വ്യാജവോട്ടുകാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.