സിപിഎം നേതൃത്വത്തിനെതിരേ പരസ്യ വിമർശനവുമായി പ്രവർത്തകർ വീണ്ടും തെരുവിൽ.
കുറ്റ്യാടിയിൽ സിപിഎം സീറ്റ് കേരള കോൺഗ്രസിന് നൽകാനുള്ള തീരുമാനത്തിലാണ് പ്രവർത്തകരുടെ പ്രതിഷേധം.
സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.പി. കുഞ്ഞമ്മദ്കുട്ടിയെ സ്ഥാനാർഥിയായി പരിഗണിക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം.
നേരത്തെ, പൊന്നാനിയിലും നേതൃത്വത്തെ വെല്ലുവിളിച്ച് പ്രവർത്തകർ രംഗത്തെത്തിയിരുന്നു. പി. നന്ദകുമാറിനെ സ്ഥാനാർഥിയാക്കിയതിന് എതിരേയാണ് സ്ത്രീകൾ അടക്കമുള്ള നൂറിലധികം പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ടി.എം. സിദ്ദിഖിനെ സ്ഥാനാർഥിയാക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
നേതാക്കളെ പാർട്ടി തിരുത്തും, പാർട്ടിയെ ജനം തിരുത്തും എന്ന ബാനർ ഉയർത്തിയാണ് പ്രവർത്തകർ തെരുവിൽ ഇറങ്ങിയത്. നേതാക്കൾ സാധാരണ പ്രവർത്തകരെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും പ്രവർത്തകർ പറഞ്ഞു.