പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയുടെ പേരില്‍ ഇരട്ട വോട്ട്. ദേവകിയമ്മക്ക് ചെന്നിത്തല പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലുമായി രണ്ട് വോട്ടുണ്ടെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഇത് അധികൃതരുടെ വീഴ്ച്ച കാരണമാണെന്ന് രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു. വോട്ട് നീക്കം ചെയ്യാന്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും അത് ചെയ്തില്ലെന്നാണ് വിശദീകരണം.
കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ്എസ് ലാലിനും ഇരട്ടവോട്ടുള്ളതായി കണ്ടെത്തി. വട്ടിയൂര്‍കാവിലെ നൂറ്റിയെഴുപതാം നമ്പര്‍ ബൂത്തില്‍ 2 വോട്ടുകള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. എന്നാലിത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പിഴവാണെന്ന് ലാല്‍ പറഞ്ഞു.
പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സ്ഥലം എംഎല്‍എയുമായ എല്‍ദോസ് കുന്നപ്പിള്ളിക്കും ഭാര്യ മറിയാമ്മ എബ്രാഹാമിനും ഇരട്ട വോട്ടെന്ന് റിപ്പോര്‍ട്ട്. പെരുമ്പാവൂരിലെ രായമംഗലം പഞ്ചായാത്ത്, മൂവാറ്റുപുഴയിലെ മാറാടി പഞ്ചായത്ത് എന്നിവിടങ്ങളിലാണ് ഇരുവര്‍ക്കും വോട്ടുള്ളതായി കണ്ടെത്തിയിരിക്കുന്നത്.
പെരുമ്പാവൂര്‍ രായമംഗലം പഞ്ചായത്തില്‍ ബുത്ത് നമ്പര്‍ 142ല്‍ ക്രമ നമ്പര്‍ 1354മതായി എല്‍ദോസ് കുന്നപ്പള്ളിയുടെയും 1358-ാം ക്രമ നമ്പറിലായി ഭാര്യയുടേയും പേരുകളുണ്ട്. അതേസമയം മൂവാറ്റുപുഴ മാറാടി പഞ്ചായത്തില്‍ ബൂത്ത് നമ്പര്‍ 130ല്‍ ക്രമ നമ്പര്‍ 1092 ലും 1095 ലും ഇരുവരുടേയും പേരുകള്‍ ആവര്‍ത്തിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനെതിരെ പരാതി നല്‍കാനാണ് സിപിഐഎം പ്രവര്‍ത്തകരുടെ നീക്കം.
അതിനിടെ ഇരട്ടവോട്ടുകല്‍ക്കെതിരെ എല്‍ദോസ് കുന്നപ്പിള്ളി രംഗത്തെത്തി. രായമംഗലം പഞ്ചായത്തിലാണ് തനിക്കും ഭാര്യയ്ക്കും വോട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മാറാട് പഞ്ചായത്തില്‍ തനിക്ക് വോട്ടില്ല. അവിടെ അഞ്ച് വര്‍ഷം മുമ്പ് വോട്ടുണ്ടായിരുന്നുവെന്നും അത് മാറ്റിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടര്‍ പട്ടികയില്‍ പേര് ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്ന വീഴ്ച്ചയാണെന്നും എല്‍ദോസ് കൂട്ടിച്ചേര്‍ത്തു.