വോട്ടു ചെയ്തത് ടിഎംസിക്ക്, വിവി പാറ്റിൽ കാണിച്ചത് ബിജെപി; ബംഗാളിൽ ചിലയിടങ്ങളിൽ പോളിങ് നിർത്തിവച്ചു



കൊൽക്കത്ത: പശ്ചിമബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പിനിടെ വോട്ടിങ് യന്ത്രത്തിൽ വ്യാപക ക്രമക്കേട് നടന്നതായി ആരോപണം. തൃണമൂൽ കോൺഗ്രസിന് വേണ്ടി വോട്ടു ചെയ്തിട്ടും വിവി പാറ്റ് മെഷിനിൽ വോട്ട് ബിജെപിക്ക് ചെയ്തതായാണ് കാണിച്ചത് എന്ന ആരോപണവുമായി ചില വോട്ടർമാർ രംഗത്തെത്തി. പൂർബ മെദിനിപ്പൂരിലെ മജ്‌ല മേഖലയിലെ പോളിങ് ബൂത്തിലാണ് സംഭവം. ഇവിടെ വോട്ടെടുപ്പ് നിർത്തിവച്ചു. 98, 99 നമ്പര്‍ പോളിങ് ബൂത്തുകളിലാണ് വോട്ടെടുപ്പ് തടസ്സപ്പെട്ടത്.

വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ ലേഖകന്‍ സൗമ്യജിത് മജുംദാര്‍ ആണ് ഈ വിവരം ട്വിറ്റര്‍ വഴി പങ്കുവച്ചത്.

മമതയ്‌ക്കെതിരെ മത്സരിക്കുന്ന സുവേന്ദു അധികാരിയുടെ തട്ടകമാണ് മെദിനിപ്പൂർ. സംഭവത്തിൽ ഇന്ന് 12 മണിക്ക് തൃണമൂൽ എംപിമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. രാവിലെ ഒമ്പതു മണി വരെ 19 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. അക്രമങ്ങള്‍ മൂലം നിരവധി സ്ഥലങ്ങളില്‍ പോളിങ് നിര്‍ത്തിവച്ചിട്ടുണ്ട്.


أحدث أقدم