കോട്ടയം: കോണ്‍ഗ്രസ് സീറ്റുവിഭജനത്തില്‍ പാര്‍ട്ടി പരിഗണിക്കാതിരുന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.താരാ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് ലതികയുടെ പ്രഖ്യാപനം.കോണ്‍ഗ്രസിലുണ്ടായ സ്ഥാനങ്ങള്‍ ലതികാ സുഭാഷ് രാജിവെച്ചിരുന്നു
അതേ സമയം ലതികാ സുഭാഷിന് സീറ്റ് നല്‍കേണ്ടത് ആവശ്യമായിരുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. കൊടുക്കാന്‍ പാര്‍ട്ടി തയ്യാറാണ്. സംസ്ഥാന സംഘടനാ പ്രസിഡന്റുമാര്‍ക്ക് സീറ്റ് കൊടുക്കുക എന്നത് കോണ്‍ഗ്രസിലെ ഒരു പാരമ്പര്യമാണ്. പക്ഷെ, അവരെടുത്ത നിലപാട് തന്നെയാണ് അവര്‍ക്ക് ബുദ്ധിമുട്ടായത്. കേരള കോണ്‍ഗ്രസ് ജോസഫ് ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട ഏറ്റുമാനൂര്‍ സീറ്റാണ് ലതികാ സുഭാഷ് ചോദിച്ചത്. ഏറ്റുമാനൂരില്‍ അല്ലാതെ മറ്റൊരു സീറ്റില്‍ മത്സരിക്കില്ല എന്ന് ലതിക ശക്തമായ നിലപാടെടുത്തു. ഒരു സെക്കന്റ് ഓപ്ഷന്‍ ലതിക പറഞ്ഞില്ലെന്നും കെപിസിസി തെരഞ്ഞെടുപ്പുസമിതി ചെയര്‍മാന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.
നിര്‍ഭാഗ്യകരമായ സ്ഥിതിയാണ് ഉണ്ടായത്. ആരേയും കുറ്റപ്പെടുത്തുകയല്ല. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ലതിക സുഭാഷിന് മാറി നില്‍ക്കാന്‍ ഒക്കുകയില്ല. അവര്‍ അല്‍പമൊരും ഫഌക്‌സിബിലിറ്റി പാര്‍ട്ടി നേതൃത്വത്തിന് തന്നിരുന്നെങ്കില്‍ അത് തീര്‍ക്കാമായിരുന്നു.
ഉമ്മന്‍ ചാണ്ടി
കെഎസ്‌യു പ്രസിഡന്റ് കെ എം അഭിജിത്ത് രണ്ട് ഓപ്ഷന്‍ തന്നു. ചോദിച്ച സീറ്റ് കൊടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ രണ്ടാമത്തെ ഓപ്ഷന്‍ കൊടുക്കാന്‍ പറ്റി. ലതികയുടെ കാര്യത്തില്‍ രണ്ടാമത്തെ ഓപ്ഷനുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, പറയുന്ന സീറ്റ് ഒരു ഘടക കക്ഷിയ്ക്ക് കൊടുത്ത സീറ്റുമാണ്. കോണ്‍ഗ്രസിനകത്തെ ഓപ്ഷനാണെങ്കില്‍ മാറ്റാമായിരുന്നു. ഇത് അങ്ങനെ ചിന്തിക്കാന്‍ പറ്റാത്ത സീറ്റാണ്. അതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഡല്‍ഹിയില്‍ നിന്ന് എല്ലാ തീരുമാനവും കഴിഞ്ഞ് പുതുപ്പള്ളിയിലെത്തിയപ്പോഴാണ് മറ്റൊരു നിയോജക മണ്ഡലത്തിന്റെ പേര് ലതികാ സുഭാഷ് പറഞ്ഞത്. അപ്പോഴേക്കും തീരുമാനങ്ങളെല്ലാം ആയിക്കഴിഞ്ഞിരുന്നു. കേരള കോണ്‍ഗ്രസില്‍ നിന്ന് വിട്ടുകിട്ടിയ കാഞ്ഞിരപ്പള്ളിയോ പൂഞ്ഞാറോ ചോദിച്ചിരുന്നെങ്കില്‍ ആലോചിക്കാമായിരുന്നു. പക്ഷെ, അതിനും തയ്യാറായില്ല. അപ്പോഴേക്കും തങ്ങളുടെ നിയന്ത്രണത്തിന് അപ്പുറത്തേക്ക് കാര്യങ്ങള്‍ പോയിക്കഴിഞ്ഞിരുന്നെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അദ്ധ്യക്ഷ ലതികാ സുഭാഷ്. ഇത്രയും നാള്‍ ഞാന്‍ മുദ്രാവാക്യം വിളിച്ചു നടന്ന നേതാക്കള്‍ എനിക്ക് വേദന ഉണ്ടോ എന്ന് നോക്കിയില്ല. കോണ്‍ഗ്രസ് നേതാക്കളുടെ വാക്കുകളില്‍ നിന്നും ഏറ്റുമാനൂരില്‍ പ്രതീക്ഷ വെച്ചു. ഇന്നലെ ആദ്യം വിളിച്ച പലരും പിന്നീട് വിളിച്ചില്ല. പാര്‍ട്ടി ഏറ്റുമാനൂര്‍ സീറ്റ് നല്‍കുമെന്ന് പ്രതീക്ഷിച്ച വിഡ്ഢിയാണ് ഞാന്‍. മാര്‍ച്ച് എട്ടിന് തന്നെ തല മുണ്ഡനം ചെയ്യുമെന്ന് പറഞ്ഞിരുന്നു. സ്ത്രീകളുടെ വിഷമം അറിഞ്ഞില്ലെങ്കില്‍ എത്ര വലിയ രാജ്യസ്‌നേഹമുണ്ടായിട്ടും കാര്യമില്ല. ആരെയും മോശമാക്കാന്‍ അല്ല തല മുണ്ഡനം ചെയ്തത്. മത്സരിക്കണമെന്ന് പലരും ആവശ്യപ്പെട്ടു. പിന്തുണ അറിയിച്ച പലരും നേരില്‍ കാണാന്‍ എത്തിയില്ല. തല മുണ്ഡനം ചെയ്തത് ഒരു ഓര്‍മ്മപ്പെടുത്തലാണ്. ഇങ്ങനെയൊരു അനുഭവം പൊതുരംഗത്തും രാഷ്ട്രിയ രംഗത്തും നില്‍ക്കുന്നവര്‍ക്ക് ഉണ്ടാകാന്‍ പാടില്ല.
തെരഞ്ഞെടുപ്പിനെ കുറിച്ച് ചിന്തിക്കാന്‍ വയ്യ. വലിയ തുക ചിലവാകും. സ്വതന്ത്ര സ്ഥാനാര്‍ഥി ആകാന്‍ വലിയ ബുദ്ധിമുട്ടാണ്. ഇവിടെ ചിന്തിക്കാം എന്നാണ് എല്ലാവരോടും പറഞ്ഞത്. എന്ത് ചെയ്യണം എന്ന് നിങ്ങള്‍ പറയണം. നിങ്ങള്‍ എന്ത് പറഞ്ഞാലും ഞാന്‍ ചെയ്യും.
ലതികാ സുഭാഷ്
മാര്‍ച്ച് എട്ടിന് തന്നെ തല മുണ്ഡനം ചെയ്യുമെന്ന് എ കെ ആന്റണിയോട് പറഞ്ഞിരുന്നു. ബിജെപിയില്‍ ശോഭ സുരേന്ദ്രന്‍ കുറെ കാലമായി വേദന അനുഭവിക്കുന്നു. ആരേയും മോശക്കാരാക്കാന്‍ അല്ല തല മുണ്ഡനം ചെയ്തത്. പലരും ഏറ്റുമാനൂരില്‍ മത്സരിക്കണമെന്ന് പറഞ്ഞു. ഇവിടെ വരാന്‍ ആകാത്ത ഒരുപാട് നേതാക്കള്‍ ഉണ്ട്. മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചത് പിന്നീട് വരുന്നവര്‍ക്ക് അംഗീകാരം കിട്ടാനാണെന്നും ലതികാ സുഭാഷ് കൂട്ടിച്ചേര്‍ത്തു.