ഇന്നത്തെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ടാക്‌സിയോ കാറോ ഉപയോഗിക്കുന്നതിനേ 'ക്കാള്‍ എത്രയോ ലാഭകരമാണ് ഹെലികോപ്ടര്‍ ഉപയോഗിക്കുന്നതെന്ന് കോഴിക്കോട് നോര്‍ത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി നേതാവുമായ എംടി രമേശ്. രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനാല്‍ പ്രചാരണങ്ങള്‍ക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഹെലികോപ്ടര്‍ സൗകര്യം ഏര്‍പ്പെടുത്താനുള്ള പാര്‍ട്ടി തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു എംടി രമേശ്.
‘പൊതുവെ തെരഞ്ഞെടുപ്പില്‍ ബിജെപി ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാറുണ്ട്. മുഖ്യമന്ത്രിയെ ഞങ്ങള്‍ വിമര്‍ശിച്ചത് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ആവശ്യമില്ലാതെ ഒരു ഹെലികോപ്ടര്‍ കേരളത്തിന് സ്വന്തമായെടുത്തിനെക്കുറിച്ചാണ്. സിപിഐഎം ഒരു ഹെലികോപ്ടര്‍ വാടകയ്‌ക്കെടുത്ത് ഒരു തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനെ ഞങ്ങള്‍ വിമര്‍ശിക്കാറില്ല. ഇത് ബിജെപി ഫണ്ട് ഉപയോഗിച്ച് കൊണ്ട് സ്വന്തം നിലയ്ക്ക് എടുത്തതാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഒരു ടാക്‌സിയെടുത്ത്, കാറെടുത്ത് കാസര്‍കോട് നിന്ന തിരുവനന്തപുരത്തേക്ക് പോവുന്നതിനേക്കാള്‍ എത്രയോ ലാഭകരമാണ് ഒരു ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കുന്നത്,’ എംടി രമേശ് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് രണ്ടിടത്ത് മത്സരിക്കുന്നത് പാര്‍ട്ടിയുടെ വിജയ സാധ്യത വര്‍ധിപ്പിക്കുന്നെന്നും. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും കെ സുരേന്ദ്രന്റെ സജീവ സാന്നിധ്യമുണ്ടാവുമെന്നും എംടി രമേശ് പറഞ്ഞു.
കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കുന്ന കെ സുരേന്ദ്രന്‍ ഇരുമണ്ഡലങ്ങളിലും രണ്ട് ദിവസങ്ങളുടെ ഇടവേളകളില്‍ പ്രചാരണം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രചാരണത്തിനായി പാര്‍ട്ടി ഹെലികോപ്റ്റര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അല്ലാതെ ഓടിയെത്താന്‍ കഴിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.