യുവതിയുടെ മൂക്കിന് ഇടിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ


ബംഗളൂരു: ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയത് ചോദ്യം ചെയ്തതിന് യുവതിയെ ആക്രമിച്ച യുവാവ് അറസ്റ്റില്‍.

ബംഗളൂരു പൊലീസാണ് ഡെലിവറി ബോയിയെ അറസ്റ്റ് ചെയ്തത്. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്താന്‍ വൈകിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് യുവാവ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഹിതേഷ ചന്ദ്രാനയെ ആക്രമിച്ചത്. സംഭവത്തില്‍ യുവതിയോട് ഖേദം പ്രകടിപ്പിച്ച സൊമാറ്റോ അധികൃതര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും ഉറപ്പ് നല്‍കി.

ഇന്നലെ 3.30 നാണ് ഹിതേഷ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. 4.30 ന് ഭക്ഷണം എത്തുമെന്ന മറുപടിയും ലഭിച്ചു. എന്നാല്‍ സമയം കഴിഞ്ഞിട്ടും ഭക്ഷണമെത്തിയില്ല. ഓര്‍ഡര്‍ വൈകിയതിനാല്‍ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടെന്നും ഒന്നുകില്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുമെന്നും ഇല്ലെങ്കില്‍ കാശ് കുറയ്ക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതായും ഹിതേഷ പറഞ്ഞു.

ഇതിനിടെയാണ് ഡെലിവറി ബോയി ആക്രമിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മൂക്കിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും സംസാരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും ഹിതേഷ പറഞ്ഞു.

‘വളര്‍ത്തുനായ ഉള്ളതിനാല്‍ ഞാന്‍ വാതില്‍ പൂര്‍ണ്ണമായും തുറന്നില്ല. ആ ഡെലിവറി ബോയിയോട് കാത്തിരിക്കണമെന്നും കസ്റ്റമര്‍ കെയറുമായി സംസാരിക്കുകയാണെന്നും പറഞ്ഞു. തനിക്ക് ആ ഓര്‍ഡര്‍ വേണ്ടെന്നും പറഞ്ഞു. ഇതോടെ അയാള്‍ വാതില്‍ തള്ളിത്തുറന്ന് ഞാന്‍ നിങ്ങളുടെ അടിമയല്ലെന്ന് പറഞ്ഞ് ഓര്‍ഡര്‍ മേശപ്പുറത്ത് വക്കുകയുമായിരുന്നു. പിന്നീട് അയാള്‍ എന്റെ മൂക്കിനിടിച്ച്‌ വേഗത്തില്‍ ഓടിപ്പോയി. എനിക്കൊന്നും ചെയ്യാനായില്ല’, ഹിതേഷ പറഞ്ഞു.



أحدث أقدم