യുഡിഎഫിന് തുടര്‍ഭരണം ലഭിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പുതുമുഖങ്ങളും യുവതലമുറയും പരിചയസമ്പന്നരുമുള്ള ഒന്നാന്തരം സ്ഥാനാര്‍ത്ഥി പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മലയാള മനോരമയോടായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.
‘സീറ്റുകളുടെ കാര്യത്തില്‍ ഉറപ്പിച്ചോളൂ. യുഡിഎഫ് സെഞ്ച്വറി അടിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അതേ ആത്മവിശ്വാസത്തോടെയാണ് പ്രതികരണം. 55 ശതമാനത്തിലേറെ പുതുമുഖങ്ങളും യുവതലമുറയും പിന്നെ പരിചയ സമ്പന്നരുമുള്ള ഒന്നാം തരം സ്ഥാനാര്‍ത്ഥി പട്ടികയാണ് ഞങ്ങളുടേത്. ജനങ്ങളുമായി ആശയ സംവാദം നടത്തി തയ്യാറാക്കിയ പ്രകടന പത്രിക യാഥാര്‍ത്ഥ്യ ബോധ്യവും ജനകീയ സ്വഭാവവുമുള്ളതാണ്. അത് വോട്ടെടുപ്പിലും പ്രതിഫലിക്കും.’ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ഇപ്പോള്‍ നടക്കുന്ന സര്‍വ്വേകളില്‍ ഒന്നും വിശ്വാസമില്ലെന്നും ജനങ്ങളാണ് യജമാനന്മാര്‍ അവരുടെ സര്‍വ്വേ ഏപ്രില്‍ 6 നാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
‘2014 ല്‍ ലോക്‌സഭയിലേക്ക് ഞാന്‍ മത്സരിക്കുമ്പോള്‍ ജയിക്കുമെന്ന് ഒരു സര്‍വ്വേയും പ്രവചിച്ചിരുന്നില്ല. ജയിക്കില്ലായെന്ന് സര്‍വ്വേകള്‍ പറഞ്ഞപ്പോഴെല്ലാം ഞാന്‍ ജയിച്ചിട്ടുണ്ട്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 16-17 സീറ്റുകള്‍ വരെ സര്‍വ്വേകള്‍ പ്രവചിച്ചിരുന്നു. എത്ര കിട്ടി. കേവലം ഒന്ന്.’ അല്ലെയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
യുഡിഎഫിന്റെ ക്യാപ്റ്റന്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ ഞങ്ങളുടെത് കൂട്ടായ നേതൃത്വമല്ലേ, എല്ലാവരും ഒറ്റകെട്ടായി മുന്നോട്ട് പോവുകയാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.