ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകണം’; ട്വന്റി-20യില്‍ ചേര്‍ന്ന മരുമകന്‍ വര്‍ഗീസ് ജോര്‍ജ്


നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഉമ്മന്‍ചാണ്ടി വീണ്ടും കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് ട്വന്റി-20 യൂത്ത് വിംഗ് കോര്‍ഡിനേറ്ററായ വര്‍ഗീസ് ജോര്‍ജ്.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചത് കണ്ടിട്ടുള്ള ആളാണ് താനെന്നും വേറെ ഏത് മുഖ്യമന്ത്രിയാണ് ദിവസവും രണ്ടു മണിക്കൂര്‍ മാത്രം ഉറങ്ങി ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചതെന്നും വര്‍ഗീസ് ജോര്‍ജ് ചോദിച്ചു. അതുകൊണ്ട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി തന്നെ വരണമെന്നാണ് തന്റെ ആഗ്രഹമെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.

ട്വന്റി 20യുടെ ഉപദേശകസമിതി അംഗം, യൂത്ത് കോര്‍ഡിനേറ്റര്‍, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളാണ് ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ കൂടിയായ വര്‍ഗീസ് ജോര്‍ജ് നിര്‍വഹിക്കുന്നത്. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് വര്‍ഗീസ് ജോര്‍ജിന് പാര്‍ട്ടിയില്‍ അംഗത്വം നല്‍കിയത്. ഉമ്മന്‍ചാണ്ടിയുടെ മൂത്തമകള്‍ മരിയ ഉമ്മന്റെ ഭര്‍ത്താവാണ് വര്‍ഗീസ്. വിദേശത്ത് ഒരു കമ്പനിയില്‍ സിഇഒയായിരുന്നു.

കേരളത്തില്‍ ഇല്ലാത്തത് ഇച്ഛാശക്തിയില്ലാത്ത ഭരണകൂടമാണ്. അല്ലെങ്കില്‍ കേരളം സ്വിറ്റ്‌സര്‍ലാന്റോ ദുബായിയോ പോലെയായേനെയെന്നും വര്‍ഗീസ് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പോലും ചെയ്യാത്ത കാര്യങ്ങളാണ് ട്വന്റി 20 പോലെയുള്ള ഒരു ചെറിയ പാര്‍ട്ടി ചെയ്യുന്നത്. അതാണ് ഇച്ഛാശക്തിയെന്നും വര്‍ഗീസ് പറഞ്ഞു.
أحدث أقدم