തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ അടിമുടി മാറിമറിഞ്ഞ് മത്സര ചിത്രം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് പ്രചാരണം അവസാനിക്കുന്ന ഇന്ന് രാഷ്ട്രീയ കേരളത്തിലെ അടിയൊഴുക്കുകള്‍. അനായാസ വിജയവും തുടര്‍ഭരണവും കല്പിക്കപ്പെട്ട ഇടതുമുന്നണി ഇപ്പോഴും ഒരിഞ്ചു മുന്നില്‍ തന്നെ. ബലാബലം മത്സരം നടക്കുന്ന സീറ്റുകളില്‍ പകുതിയിലേറെ നേടിയാല്‍ യു.ഡി.എഫിന് മറികടക്കാനാവുന്ന ദൂരമാണിത്.
ഏതു മുന്നണി അധികാരമേറിയാലും 2016ലെയോ 2006ലെയോ പോലെ ഗംഭീര ഭൂരിപക്ഷത്തോടെയാവില്ല എന്നതാണ് കേരളത്തിലെ 140 മണ്ഡലങ്ങളില്‍നിന്നുമുള്ള വിലയിരുത്തല്‍ വ്യക്തമാക്കുന്നത്.
പല മണ്ഡലങ്ങളിലും ബി.ജെ.പി വോട്ടുകള്‍ തരാതരംപോലെ ഇരു മുന്നണികള്‍ക്കും മറിഞ്ഞേക്കുമെങ്കിലും 'ഡീല്‍' നടപ്പായില്ലെങ്കില്‍ ബി.ജെ.പിക്ക് അക്കൗണ്ടില്ലാത്തതാവും നിയമസഭ.
ആകെയുള്ള 140 സീറ്റുകളിലെ 55 മണ്ഡലങ്ങളില്‍ ഒരാഴ്ച മുമ്ബ് ബലാബലം പോരാട്ടമായിരുന്നെങ്കില്‍ ഇപ്പോഴത് 44 മണ്ഡലങ്ങളായി ചുരുങ്ങിയിരിക്കുന്നു. ബാക്കി മണ്ഡലങ്ങളുടെ ചായ്വ് വ്യക്തമാണ്. 49 സീറ്റുകളില്‍ ഇടതുമുന്നണി കൊടിനാട്ടിയ മട്ടാണ്. 45 മണ്ഡലങ്ങള്‍ യു.ഡി.എഫിനെ വരിക്കാനുമൊരുങ്ങുന്നു.
മലബാറിലെയും തിരുവിതാംകൂറിലെയും പരമ്ബരാഗത മണ്ഡലങ്ങള്‍ എല്‍.ഡി.എഫ് നിലനിര്‍ത്തും. എന്നാല്‍, മലപ്പുറത്തും മധ്യകേരളത്തിലുമുണ്ടാക്കുന്ന മുന്നേറ്റം യു.ഡി.എഫിന് കരുത്താകും. കോണ്‍ഗ്രസ് അവതരിപ്പിച്ച യുവ സ്ഥാനാര്‍ഥികള്‍ എതിരാളികള്‍ക്ക് കനത്ത മത്സരമാണ് നല്‍കുന്നത്.
വികസനത്തുടര്‍ച്ച മുദ്രാവാക്യത്തിന് ആദ്യഘട്ടത്തില്‍ ലഭിച്ച സ്വീകാര്യത അതേ ഗതിയില്‍ നിലനിര്‍ത്താന്‍ എല്‍.ഡി.എഫിന് കഴിയുന്നില്ല. എന്നാല്‍, ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റം, കാര്യക്ഷമമായ പെന്ഷന്, കിറ്റ് വിതരണം എന്നിവ ജനമനസ്സിലുണ്ട്. ആഴക്കടല്‍ ട്രോളര്‍ വിവാദവും വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പുമെല്ലാം സര്‍ക്കാറിനെതിരെ മൂര്‍ച്ചയേറിയ പ്രചാരണായുധമാക്കാന്‍ യു.ഡി.എഫിനായി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏശാതെപോയ സ്വര്‍ണക്കടത്ത് വിവാദവും ഇക്കുറി കത്തുന്നു.
പ്രധാനമന്ത്രിയുള്‍പ്പെടെ ദേശീയ നേതാക്കളുടെ വരവ് ബി.ജെ.പി അണികളില്‍ ആവേശം പാരമ്യത്തിലെത്തിച്ചെങ്കിലും ന്യൂനപക്ഷ വോട്ടുകളുടെയും ഏകീകരണത്തിന് ഇത് വഴിവെച്ചിട്ടുണ്ട്.