കള്ളവോട്ട് ചെയ്താല്‍ ഒരു വര്‍ഷം വരെ ‘അകത്ത്’; ഇതിലും തീരില്ല, അറിയാം ഇക്കാര്യങ്ങള്‍


നിയമസഭാ തെരഞ്ഞെടുപ്പിനായി ജനം പോളിംഗ് ബൂത്തിലെത്താന്‍ ഇനി കുറച്ച് നാള്‍ മാത്രമാണ് ബാക്കി. അതിനിടെ ഇരട്ട വോട്ടും, കള്ളവോട്ട് തുടങ്ങിയ വിഷങ്ങളെല്ലാം മുന്നണി ചര്‍ച്ചകളില്‍ സജീവമാണ്. കള്ളവോട്ടിന് ശ്രമിക്കുന്നത് ജനപ്രാതിനിധ്യ നിയമമനുസരിച്ച് കുറ്റകരമാണ്. ഐപിസി 171 എഫ് പ്രകാരം ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കും.

മറ്റൊരാളുടെ വോട്ട് ചെയ്യുന്നതും തന്റെ തന്നെ വോട്ട് മുമ്പ് ചെയ്തത് മറച്ചുവെച്ച് വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതും കള്ളവോട്ടിന്റെ പരിധിയില്‍ വരും. ആരുടേയെങ്കിലും പ്രേരണക്ക് വഴങ്ങിയാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചതെങ്കില്‍ പോലും ശിക്ഷയില്‍ നിന്നും ഒഴിവാക്കില്ല. മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖ വ്യാജമായിട്ട് ഉണ്ടാക്കിയാണ് വോട്ട് ചെയ്യാന്‍ ശ്രമിച്ചതെങ്കില്‍ വ്യാജ രേഖ ചമച്ചതിനും ആള്‍മാറാട്ടത്തിനും കൂടി കേസ് വരും. വിദേശത്തോ, സംസ്ഥാനത്തിന് പുറത്തോ ഉള്ള വോട്ടറുടേയും വോട്ടര്‍പട്ടികയില്‍ പേരുള്ള മരിച്ചവരുടേയും തിരിച്ചറിയല്‍ രേഖ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ നല്‍കരുത്. ഇത് ഉപയോഗിച്ച് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ നല്‍കിയ ആള്‍ക്കെതിരെ നടപടിയുണ്ടാവും. ഐഡന്റിറ്റിയില്‍ പരാതിയുണ്ടെങ്കില്‍ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ വോട്ട് ചെയ്യാന്‍ അനുവദിക്കൂ.

തെരഞ്ഞെടുപ്പ് പ്രചാരണമുള്‍പ്പടെയുള്ള പരിപാടികളില്‍ കുട്ടികളെ ഉള്‍പ്പെടുത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. പ്രചാരണത്തിലോ, അനുബന്ധ പ്രവര്‍ത്തനങ്ങളിലോ കുട്ടികളെ ഉള്‍പ്പെടുത്താന്‍ പാടുള്ളതല്ല. നിര്‍ദ്ദേശ ലംഘിക്കപ്പെടുന്നില്ലെന്ന് ഉദ്യോഗസ്ഥരും രാഷ്ട്രീയ കക്ഷികളും ഉറപ്പുവരുത്തണമെന്നും കമ്മീഷന്‍ അറിയിച്ചു.

കൊട്ടിക്കലാശത്തിനും ഇത്തവണ അനുമതിയില്ല.നിയന്ത്രണം ലംഘിച്ചാല്‍ പൊലീസ് കേസെടുക്കും. കൊട്ടിക്കലാശത്തിന് പകരമായി ഞായറാഴ്ച വൈകീട്ട് ഏഴ് മണി വരെ പ്രചാരണം നടത്താമെന്ന ഇളവാണ് കമ്മീഷന്‍ അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുന്നേ ഉച്ചഭാഷിണികള്‍ നിരോധിച്ചു. അവിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം കര്‍ശനനിയന്ത്രണങ്ങളുണ്ടാവും
أحدث أقدم