ആലപ്പുഴ: അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
25 വർഷം അദാനിക്ക് കൊള്ളയടിക്കാൻ അവസരം നൽകിയിട്ട് സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ട് ആണ് അദാനിയുമായി കരാർ ഉണ്ടാക്കിയതെന്നും ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.
പിണറായി-അദാനി കൂട്ടുകെട്ടാണ് വൈദ്യുതി കരാറിന് പിന്നിലുള്ളത്. ഗ്യാരന്റി ഉറപ്പ് വരുത്തണം എന്ന് കരാറിൽ ഉണ്ട്. ഇടത് കൈ കൊണ്ടും വലത് കൈ കൊണ്ടും അദാനിയെ പിണറായി സഹായിക്കുന്നു. ഇതു കൊണ്ട് ദോഷമുണ്ടാകുന്നത് ഉപഭോക്താക്കൾക്കാണ്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മറുപടി പ്രതീക്ഷിച്ചത് തന്നെയാണ്. തന്റെ സമനില തെറ്റിയെന്ന എം എം മണിയുടെ പ്രതികരണം കാര്യമാക്കുന്നില്ല. എല്ലാ ആരോപണങ്ങളിലും ഇതാണ് മന്ത്രിമാർ പറയുന്നത്. എന്നാൽ ആരോപണം എല്ലാം വാസ്തവം എന്ന് തെളിഞ്ഞു- ചെന്നിത്തല പറഞ്ഞു.