ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വെച്ച് കന്യാസ്ത്രീകളെ അതിക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. അഞ്ചല്‍ അര്‍ചാരിയാ, പുര്‍ഗേഷ് അമരിയാ എന്നിവരെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ള പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് യുപി പൊലീസ് അറിയിച്ചു. മാര്‍ച്ച് 19 ന് ഡല്‍ഹി-ഒഡീഷ ട്രെയിനില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഝാന്‍സി സ്റ്റേഷനില്‍ വെച്ച് സേക്രഡ് ഹാര്‍ട്ട് സന്ന്യാസിനി സമൂഹത്തിന്റെ ഡല്‍ഹി പ്രൊവിന്‍സിലെ കന്യാസ്ത്രീമാര്‍ക്ക് നേരെ കൈയ്യേറ്റമുണ്ടായത്. മതംമാറ്റത്തിന് ശ്രമം എന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ കന്യാസ്ത്രീകളെ അധിക്ഷേപിക്കുകയായിരുന്നു. നാല് കന്യാസ്ത്രീകളില്‍ രണ്ടുപേര്‍ ഒഡീഷ സ്വദേശികളും ഒരാള്‍ മലയാളിയുമാണ്. ഇവരില്‍ രണ്ടുപേര്‍ സന്യാസിനി സമൂഹത്തിന്റെ വസ്ത്രം അണിഞ്ഞിരുന്നു. മറ്റ് രണ്ടുപേര്‍ സാധാരണ വസ്ത്രവും. ഇവരെ മതംമാറ്റാന്‍ കൊണ്ടുപോകുകയാണെന്ന് ആരോപിച്ചായിരുന്നു ഒരു സംഘം ആളുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കാണിച്ചിട്ടും കാര്യങ്ങള്‍ വിശദീകരിച്ചിട്ടും ഇവരെ ബലം പ്രയോഗിച്ച് പുറത്തിറക്കി. സന്ന്യാസ പഠനം നടത്തുന്ന ഒഡീഷ സ്വദേശിനികളെ വീട്ടിലെത്തിക്കാനാണ് മറ്റ് രണ്ട് പേര്‍ കൂടെ പോയത്. ജന്മനാ ക്രൈസ്തവ വിശ്വാസികളാണെന്ന് പറഞ്ഞിട്ടും ആക്രമിക്കാന്‍ തുനിഞ്ഞു. മതംമാറ്റ നിരോധന നിയമപ്രകാരം കേസെടുക്കാനും ശ്രമം നടന്നു. ട്രെയിനില്‍ നിന്ന് പുറത്തിറക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോള്‍ ഒരു സംഘം കൂകി വിളിച്ച് ഒപ്പം വന്നു. ഒടുവില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് കസ്റ്റഡിയിലെടുത്ത കന്യാസ്ത്രീകളെ രാത്രി 11.30 ഓടെ വിട്ടയച്ചത്. സംഘ്പരിവാര്‍ സംഘടനയായ ബജ്റംഗദളിന്റെ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് കന്യാസ്ത്രീകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കന്യാസ്ത്രീകളെ ആക്രമിച്ചത് എബിവിപി പ്രവര്‍ത്തകരാണെന്ന് റെയില്‍വേ പൊലീസ് സൂപ്രണ്ട് നയീം ഖാന്‍ മന്‍സൂരി നേരത്തെ പറഞ്ഞിരുന്നു.