വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുന്ന യുവാവ് അറസ്റ്റില്‍.

 


ന്യൂഡൽഹി: സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുന്ന 25കാരന്‍ അറസ്റ്റില്‍. ദില്ലിയില്‍ ഇവന്റ് മാനേജറായ ഭരത് ഖട്ടര്‍ എന്നയാളാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഏഴാം ക്ലാസിലെയും എട്ടാം ക്ലാസിലെയും കുട്ടികളാണ് ഇയാളുടെ പ്രധാന ഇരകള്‍. വ്യാജ സോഷ്യല്‍മീഡിയ ഐഡിയിലൂടെ ഇവരുമായി ബന്ധം സ്ഥാപിക്കുന്ന ഇയാള്‍ ഇവരുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തുകയാണ് പതിവ്. പിന്നീട് ഇയാളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാന്‍ ആവശ്യപ്പെടും. ഇതുവരെ ഏഴ് പെണ്‍കുട്ടികളാണ് ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇതില്‍ രണ്ടുപേര്‍ പൊലീസില്‍ പരാതി നല്‍കി.

ഫരീദാബാദിലെ എന്‍ഐടി കോളനിയില്‍നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കോട്‌ല മുബാറക് സ്‌റ്റേഷനില്‍ ഒരു യുവതി പരാതിയുമായി എത്തിയതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഇയാളുടെ അക്കൗണ്ടില്‍ നിന്ന് മകള്‍ക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും എത്തുന്നുവെന്നായിരുന്നു യുവതിയുടെ പരാതി.

തന്റെ അശ്ലീല ചിത്രം കൂട്ടുകാരികള്‍ക്കയച്ച് അവരെയും ഇയാള്‍ ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടി വ്യക്തമാക്കി. മുന്നറിയിപ്പ് നല്‍കിയപ്പോള്‍ പെണ്‍കുട്ടിയുടെ പേരില്‍ ഫേക്ക് ഐഡിയുണ്ടാക്കി അശ്ലീല ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തു. അന്വേഷണത്തിനായി എസിപിയുടെ നേതൃത്വത്തില്‍ സംഘത്തെ നിയോഗിച്ചെന്ന് ഡിസിപി താക്കൂര്‍ പറഞ്ഞു.

أحدث أقدم