ഓട്ടോറിക്ഷ സുഹൃത്തുക്കൾക്ക്‌ നല്ല വാർത്ത കൊവിഡ് 19, യാത്രയ്ക്ക് ഏറ്റവും സുരക്ഷിതം ഓട്ടോറിക്ഷകളെന്ന് പഠനം


ജോവാൻ മധുമല 
കൊവിഡ് 19 വ്യാപനം മൂലം ഏറ്റവുമധികം തകര്‍ച്ച നേരിട്ട മേഖലയാണ് പൊതുഗതാഗത സംവിധാനങ്ങള്‍. ഒപ്പം ഓട്ടോ - ടാക്സി മേഖലകളും തകര്‍ന്നടിഞ്ഞു. എന്നാല്‍ ഇപ്പോഴിതാ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കും പൊതുഗതാഗത മേഖലയ്ക്കുമൊക്കെ അല്‍പ്പം ആശ്വാസം നല്‍കിക്കൊണ്ട് ഒരു പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. കൊവിഡ് വ്യാപനം ഏറ്റവും കുറവുള്ള പൊതുഗതാഗത മാർഗങ്ങളിൽ മുന്നിൽ ഓട്ടോറിക്ഷകള്‍ ആണെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മെരിലാൻഡിലെ ജോൺസ് ഹോപ്‍കിൻസ് സർവകലാശാല (ജെഎച്ച്‍യു) യുടെ പഠന റിപ്പോര്‍ട്ടിനെ ഉദ്ദരിച്ചാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അടച്ചു പൂട്ടിയ ഒരു എയർകണ്ടീഷൻഡ് കാറില്‍ യാത്ര ചെയ്യുന്ന ഒരാള്‍ക്ക് ഒരു ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്ന ഒരാളേക്കാള്‍ രോഗം പകരാനുള്ള സാധ്യത 300 മടങ്ങ് കൂടുതലാണെന്നാണ് പഠനം പറയുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എയർ കണ്ടീഷനിംഗ് ഓണായിരിക്കുന്ന അടച്ചുമൂടിയ വാഹനങ്ങളേക്കാള്‍ വിൻഡോകൾ മടക്കിവച്ച നോൺ എസി ടാക്‌സിയിൽ അണുബാധ പിടിക്കാനുള്ള സാധ്യത 250 ശതമാനം കുറവാണെന്നും പഠനം പറയുന്നു. മാത്രമല്ല വാഹനത്തിന്റെ വേഗം കൂടുമ്പോൾ വായുസഞ്ചാരം വർധിച്ച് വൈറസിന്റെ പകർച്ചസാധ്യത 75 ശതമാനത്തോളം കുറയുമെന്നും കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാഹനത്തിന്‍റെ വേഗത പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 120 കിലോമീറ്ററായി ഉയരുമ്പോൾ ഏസി ഉള്ളതും ഇല്ലാത്തതുമായ ടാക്സി‍കളിലെയും അപകടസാധ്യത 75% കുറയുമെന്നാണ് ഗവേഷകർ കണക്കാക്കുന്നത്. 

ഇന്ത്യയിലെ ഓട്ടോറിക്ഷ, കാർ (നോണ്‍ എസി), ബസ്, കാർ (എസി) തുടങ്ങിയ വാഹനങ്ങളിൽ ജെഎച്ച്‍യുവിലെ ദർപൻ ദാസും പരിസ്ഥിതി ആരോഗ്യ, എൻജിനിയറിങ് വകുപ്പ് പ്രൊഫസറായ ഗുരുമൂർത്തി രാമചന്ദ്രനും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യാത്രകള്‍ നടത്തിയ ശേഷം പുറത്തുവിട്ടതാണ് ഈ പഠന റിപ്പോര്‍ട്ട്. ജോൺസ് ഹോപ്‍കിൻസ് സർവകലാശാലയ്ക്ക് ഒപ്പം ബ്ലൂംബെർഗ് സ്‍കൂൾ ഓഫ് പബ്ലിക് ഹെൽത്ത്, പരിസ്ഥിതി ആരോഗ്യ, എൻജിനിയറിങ് വകുപ്പ് എന്നിവരും ഈ പഠനങ്ങളില്‍ പങ്കുചേര്‍ന്നിരുന്നു. 'കൊവിഡ് -19 പാൻഡെമിക് സമയത്ത് ഇന്ത്യയിലെ വിവിധ ഗതാഗത വാഹനങ്ങളുടെ അപകടസാധ്യത വിശകലനം' എന്ന പഠനറിപ്പോര്‍ട്ട്  ജേണൽ ഓഫ് എൻവയോൺമെന്റൽ റിസർച്ചിൽ പ്രസിദ്ധീകരിച്ചതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

أحدث أقدم