ആര്‍എസ്എസ് കേരള സംസ്ഥാന നേതൃത്വത്തിന് നേരെ . സുരേന്ദ്രന്റെ കസേര പോകുമെന്ന് റിപ്പോർട്ടുകൾ

 
ജോവാൻ മധുമല 
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍വിയുടെ കാരണം ബിജെപിയില്‍ ഏകോപനമില്ലാത്തതെന്ന് ആര്‍എസ്എസ് വിമര്‍ശനം. കൊച്ചിയില്‍ ചേര്‍ന്ന ബി.ജെ.പി – ആര്‍.എസ്.എസ് നേതൃയോഗത്തിലാണ് നേതാക്കളെ പേരെടുത്ത് പറയാതെ ആര്‍എസ്എസിന്റെ മുന്നറിയിപ്പ്. കേന്ദ്രമന്ത്രി വി.മുരളീധരന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, പി.കെ കൃഷ്ണദാസ്, സംഘടന സെക്രട്ടറി എം.ഗണേഷ് എന്നിവരാണ് ബിജെപിക്കായി യോഗത്തില്‍ പങ്കെടുത്തത്.

ആര്‍എസ്എസില്‍ നിന്ന് രൂക്ഷ പ്രതികരണമുണ്ടായിട്ടില്ലെങ്കിലും സുരേന്ദ്രന് അനുകൂല കാഴ്ച്ചപ്പാടും ആര്‍ക്കുമില്ല. സുരേന്ദ്രനെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിലനിര്‍ത്തണമെന്നും ആരും ആവശ്യപ്പെട്ടില്ല. രഹസ്യ സ്വഭാവമുള്ള യോഗങ്ങള്‍ വരും ദിവസങ്ങളില്‍ നടന്നേക്കും. അതേസമയം കള്ളപ്പണക്കേസ് ഉള്‍പ്പെടെ സംഘപരിവാറിനെ മുഴുവന്‍ പ്രതിസന്ധിയിലാക്കുന്ന പ്രശ്‌നങ്ങള്‍ ഒന്നിച്ച് നേരിടാനാണ് ആര്‍എസ്എസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ബി.ജെ.പിയിലെ സംഘടന വിഷയങ്ങളും യോഗത്തില്‍ ആര്‍എസ്എസ് ചര്‍ച്ചയ്‌ക്കെടുത്തിട്ടുണ്ട്. കൃഷ്ണദാസിനെയും സുരേന്ദ്രനെയും ഒരേ വേദിയിലിരുത്തി ചില കാര്യങ്ങള്‍ നേതാക്കള്‍ സംവദിച്ചതായും സൂചനയുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.

എളമക്കരയിലെ ആര്‍.എസ്.എസ് കാര്യാലയത്തില്‍ നടന്ന യോഗത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഔദ്യോഗിക പ്രസ്താവനയില്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. വിഭാഗീയത പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിലടക്കം പ്രതിഫലിച്ചുവെന്ന ആര്‍എസ്എസ് വിലയിരുത്തല്‍ ബിജെപിയിലെ ഗ്രൂപ്പ് പോരിന് സൂചിപ്പിക്കുന്നതാണ്.
أحدث أقدم