നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ





കൊല്ലം : പരവൂർ ഊരായിക്കോട്ട് നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പുരയിടത്തിന്റെ ഉടമ സുദർശൻ പിള്ളയുടെ മകൾ രേഷ്മ (22) ആണ് അറസ്റ്റിലായത്. കുഞ്ഞിന് ജന്മം നൽകിയത് രേഷ്മയാണെന്ന് പോലീസ് അറിയിച്ചു. 
ഡിഎൻഎ പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് കണ്ടെത്തിയത്. പ്രസവിച്ചയുടൻ രേഷ്മ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. പ്രസവിച്ച വിവരം രേഷ്മ വീട്ടുകാരോട് പോലും പറഞ്ഞിരുന്നില്ലെന്നും പോലീസ് കണ്ടെത്തി. കരിയിലയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് പിറ്റേന്ന് തന്നെ മരിച്ചിരുന്നു.

കഴിഞ്ഞ ജനുവരി 5 നായിരുന്നു കേസിനാസ്പദമായ സംഭവം. നടയ്ക്കൽ ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപമുള്ള വീടിന്റെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് വീട്ടുടമയാണ് വിവരം പോലീസിനെ അറിയിച്ചത്. പിറന്നുവീണ കുഞ്ഞിനെ ഒരു തുണി കൊണ്ട് പോലും മൂടാതെ ഉപേക്ഷിക്കുകയായിരുന്നു.

ശരീരം മുഴുവൻ കരിയിലയും മണ്ണും മൂടിയ നിലയിലായിരുന്നു കുഞ്ഞ്. തുടർന്ന് പോലീസെത്തി കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു രാത്രി മുഴുവൻ മഞ്ഞേറ്റ് മണ്ണിൽ കിടന്നതിനാൽ അണുബാധ ഉണ്ടായതിനെ തുടർന്ന് കുഞ്ഞ് അടുത്ത ദിവസം മരിച്ചു.

أحدث أقدم