ഉമ്മന്‍ചാണ്ടിക്കെതിരെ വ്യാജ രേഖ, ഗണേഷ് കുമാറിനും സരിതയ്ക്കുമെതിരെ കേസ്.


 



Jowan Madhumala 
കൊട്ടാരക്കര/ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വ്യാജ രേഖകള്‍ ചമച്ചെന്ന ഹര്‍ജിയില്‍ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എക്കും സരിത എസ് നായര്‍ക്കുമെതിരെ കോടതി കേസെടുത്തു. കൊട്ടാരക്കര ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ജയകുമാറാണ് ഇരുവര്‍ക്കും സമന്‍സ് അയക്കാന്‍ ഉത്തരവിട്ടത്.

ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ കമ്മീഷന് മുന്നില്‍ സരിതയുടെ പേരില്‍ ഹാജരാക്കിയ കത്ത് വ്യാജമാണെന്നും ഗണേഷ്‌കുമാറിന്റെ അറിവോടുകൂടിയാണ് കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയതെന്നും ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കൊല്ലം ജില്ല മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സുധീര്‍ ജേക്കബ് 2017ല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ സമന്‍സ് അയക്കാന്‍ ഉത്തരവായിരിക്കുന്നത്.

സരിത എസ് നായര്‍ പത്തനംതിട്ട ജയിലില്‍ നിന്ന് എഴുതിയതെന്ന പേരില്‍ കമ്മീഷനു മിന്നില്‍ ഹാജരാക്കിയ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായി. ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടര്‍ന്ന് പ്രദീപ്, ശരണ്യ മനോജ് എന്നിവരുടെ ഗൂഢാലോചനയോടെയാണ് കത്തില്‍ കൂട്ടിചേര്‍ക്കലുകള്‍ നടത്തിയതെന്നാണ് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നത്.

സരിത എഴുതി അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന് നല്‍കിയെന്ന് പറയുന്ന കത്തില്‍ ജയില്‍ രേഖകള്‍ പ്രകാരം 21 പേജാണുള്ളത്. എന്നാല്‍ കമ്മീഷന് മുമ്പില്‍ എത്തിയപ്പോള്‍ അത് 25 പേജായി. ഇതില്‍ നാല് പേജില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതാണെന്നാണ് ഹര്‍ജിക്കാരന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്
أحدث أقدم