ചൈനീസ് വാക്‌സിന്‍ എടുത്ത രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നത് ആശങ്ക ഉയർത്തുന്നു


 

വാഷിങ്ടണ്‍ : കോവിഡിനെ ചെറുക്കാന്‍ ചൈനീസ് വാക്‌സിന്‍ എടുത്ത രാജ്യങ്ങള്‍ ആശങ്കയില്‍. ഈ രാജ്യങ്ങളില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മംഗോളിയ, സീഷെല്‍സ്, ബഹറൈന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് വീണ്ടും രോഗവ്യാപനം രൂക്ഷമാകുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സീഷെല്‍സ്, ചിലി, ബഹറൈന്‍, മംഗോളിയ തുടങ്ങിയ രാജ്യങ്ങളില്‍ 50 മുതല്‍ 68 ശതമാനം വരെ ജനങ്ങളെ വാക്‌സിനേഷന് വിധേയമാക്കിയത് ചൈനീസ് വാക്‌സിന്‍ നല്‍കിയാണ്. ഈ രാജ്യങ്ങളിലെല്ലാം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് ബാധിതരാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.

ചൈനയുടെ വാക്‌സിനുകള്‍ എളുപ്പത്തില്‍ ലഭിക്കുമെന്നതാണ് പല രാജ്യങ്ങളും ഈ വാക്‌സിനുകളെ ആശ്രയിക്കാന്‍ കാരണം. ചൈനീസ് വാക്‌സിനുകളുടെ ഫലശേഷി താരതമ്യേന കുറവാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ഫ്‌ലിന്റേഴ്‌സ് യൂണിവേഴ്‌സിറ്റി കോളജ് ഓഫ് മെഡിസിന്‍ ആന്റ് പബ്ലിക് ഹെല്‍ത്ത് പ്രൊഫസര്‍ നികോളായ് പെട്രോവ്‌സ്‌കി പറയുന്നു. 

ചൈനയുടെ സിനോവാക് വാക്‌സിന്റെ ഫലപ്രാപ്തി 51 ശതമാനമാണ്. സിനോഫാമിന്റേത് 78 ശതമാനവും. അതേസമയം ഫൈസര്‍, മൊഡേണ വാക്‌സിനുകളുടെ ശേഷി 90 ശതമാനമാണെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജനിതക വകഭേദം വന്ന വൈറസുകള്‍ക്കെതിരെ ചൈനീസ് വാക്‌സിന്‍ ഫലപ്രദമല്ലെന്നും അഭിപ്രായമുണ്ട്. കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്ന ഇന്തോനേഷ്യയില്‍ സിനോവാക് വാക്‌സിന്‍ നല്‍കിയിട്ടും, 350 ഓളം ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് വീണ്ടും വൈറസ് ബാധയുണ്ടായത്


أحدث أقدم