പതിനാലുകാരിയുടെ മരണം ആത്മഹത്യയല്ല, പീഡനത്തിന് ഇരയായി,അന്വേഷണത്തില്‍ ദുരൂഹത



ജോവാൻ മധുമല 
ഇടുക്കി/കുമളിയില്‍ പതിനാലുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹയേറുന്നു. കഴിഞ്ഞ നവംബര്‍ മാസത്തില്‍ നടന്ന മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. നേരത്തെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇത് ശരിയല്ലെന്നും പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കേസിന്റെ അന്വേഷണത്തില്‍ വീഴ്ചകള്‍ വന്നിട്ടുണ്ടെന്നുമാണ് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്.
കേസന്വേഷണത്തില്‍ ഗുരുതര വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടന്ന് ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്. രാജസ്ഥാന്‍ സ്വദേശിയായ പതിനാലുകാരിയെ കുമളിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത് കഴിഞ്ഞ നവംബര്‍ ഏഴിനാണ്. കുട്ടിയുടെ പിതാവിന് ഇവിടെ ഹോട്ടല്‍ ബിസിനസാണ്. ഇദ്ദേഹം നാട്ടിലേക്ക് പോയ സമയത്തായിരുന്നു പെണ്‍കുട്ടിയുടെ മരണം നടന്നത്. വഴക്കുണ്ടായതിനെ തുടര്‍ന്ന് മകള്‍ മുറിയില്‍ കയറി വാതിലടച്ചുവെന്നും പിന്നീട് നടത്തിയ പരിശോധനയിലാണ് അവളെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടതെന്നുമാണ് കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നത്.
മരണവിവരം വിവരം ഇവര്‍ രാജസ്ഥാനിലുള്ള ഭര്‍ത്താവിനെ അറിയിച്ചു. അദ്ദേഹം വിമാനമാര്‍ഗം നാട്ടിലെത്തുന്നതുവരെ മറ്റാരോടും ഇക്കാര്യം പറഞ്ഞിരുന്നില്ല. ഭര്‍ത്താവ് എത്തിയ ശേഷമാണ് പൊലീസിനെ അറിയിക്കുന്നത്. തുടര്‍ന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു.

എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയപ്പോഴാണ് കുട്ടി പീഡനത്തിനിരയായിരുന്നുവെന്ന് വ്യക്തമാവുന്നത്. ഇതോടെയാണ് പോക്‌സോ വകുപ്പ് കൂടി ചേര്‍ത്ത് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ അന്വേഷണച്ചുമതല എസ് ഐയില്‍ നിന്നും കുമളി സി ഐയിലേക്ക് മാറ്റി. അതേസമയം തന്നെ കുട്ടിയുടെ മാതാപിതാക്കള്‍ രാജസ്ഥാനിലേക്ക് മടങ്ങുകയും ചെയ്തു. ഇതോടെ അന്വേഷണം മന്ദഗതിയിലായിരിക്കുമ്പോഴാണ് ഇന്റലിജന്‍സിന്റെ ഗുരുതര കണ്ടെത്തലുകള്‍ വരുന്നത്.

أحدث أقدم