ജോവാൻ മധുമല
പാലക്കാട്/ പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് ഒന്‍പത് വയസുകാരിയെ വീടിനുള്ളിൽ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരക്കുപറമ്പ് പുല്ലരിക്കാട് അലിയുടെ മകള്‍ ഫാത്തിമ ഷിഫയെയാണ് മാതാവിന്റെ കുടുംബ വീട്ടില്‍ മരിച്ചനിലയിൽ കാണുന്നത്.
വീട്ടുകാര്‍ക്കൊപ്പം ഇരുന്നു ചക്ക കഴിക്കുകയായിരുന്നു കുട്ടി പന്ത്രണ്ട് മണിയോടെ മുറിക്കുള്ളിലേക്ക് കയറി, അരമണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനാൽ വീട്ടുകാര്‍ക്ക് സംശയം ഉണ്ടാവുകയായിരുന്നു. കുട്ടിയെ വിളിച്ചിട്ടും പ്രതികരിക്കാഞ്ഞതിനെ തുടർന്ന് അകത്തുനിന്ന് പൂട്ടിയ വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് കുഞ്ഞിനെ തൂങ്ങിയനിലയില്‍ കണ്ടെത്തുന്നത്. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാൻ കഴിഞ്ഞില്ല.
കഴിഞ്ഞ രണ്ട് മാസങ്ങളായി ഫാത്തിമ ഷിഫ മാതാവിന്റെ വീട്ടിലായിരുന്നു. അടുത്തദിവസം പിതാവിന്റെ വീട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. ആത്മഹത്യക്ക് കാരണമായ ഒന്നും വീട്ടിലുണ്ടായിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. നാട്ടുകല്‍ എഎല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. സംഭവത്തിൽ ശ്രീകൃഷ്ണപുരം പൊലീസ് അന്വേഷണം നടത്തി വരുകയാണ്.