ചെന്നിത്തലയ്ക്ക് മനംമാറ്റം; ഹൈക്കമാന്റ് പറയുന്ന ഏത് ചുമതലയും ഏറ്റെടുക്കുമെന്ന്





ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുമായുള്ള സംഭാഷണത്തില്‍ താന്‍ പൂര്‍ണമായും തൃപ്തൻ ആണെന്ന് രമേശ് ചെന്നിത്തല. ‍ഹൈക്കമാന്ഡ് പറയുന്ന ചുമതല ഏറ്റെടുക്കുമെന്ന് അറിയിച്ചു. 

ഉമ്മന്‍ചാണ്ടിയും താനും പാര്‍ലമെന്ററി പാര്‍ട്ടി തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആശങ്കപ്രകടിപ്പിച്ചിരുന്നു. ആ കാര്യങ്ങളെല്ലാം രാഹുലിനോട് വിശദീകരിച്ചു. അദ്ദേഹം അതെല്ലാം കേട്ട് പറയാനുള്ള കാര്യങ്ങള്‍ പറയുകയും വൈകീട്ട് ഉമ്മന്‍ചാണ്ടിയെ ഫോണില്‍ വിളിക്കുമെന്ന് പറഞ്ഞതായും ചെന്നിത്തല പറഞ്ഞു. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

താനും ഉമ്മന്‍ചാണ്ടിയും എന്നും ഹൈക്കമാന്റിനൊപ്പം നിന്നവരാണ്. കോണ്‍ഗ്രസിന്റെ നന്മയ്ക്ക് വേണ്ടി
രാഹുല്‍ ഗാന്ധിയും സോണിയാജിയും എടുക്കുന്ന ഏത് നിലപാടും അംഗീകരിക്കും.

നാളെയും അങ്ങനെയായിരിക്കും. പുതിയ കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും പൂര്‍ണ പിന്തുണ നല്‍കുമെന്നും രമേശ് പറഞ്ഞു.

ഞങ്ങളുടെ മനസിലുണ്ടായിരുന്ന കാര്യങ്ങളെല്ലാം വിശദമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹം അത് മനസിലാക്കിയിട്ടുണ്ടെന്ന് കരുതുന്നു. കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒറ്റക്കെട്ടായി രാഹുലിന്റെ നേതൃത്വത്തില്‍ മുന്നോട്ടുപോകും. എഐസിസി ജനറല്‍ സെക്രട്ടറിയാകുന്ന കാര്യങ്ങള്‍ തന്നോട് പറഞ്ഞിട്ടില്ല. ഒരു സ്ഥാനമില്ലെങ്കിലും പാര്‍ട്ടിയില്‍ തുടരുമെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. 

തന്റെ താത്പര്യം കേരളത്തില്‍ പ്രവര്‍ത്തിക്കാനാണ്. പാര്‍ട്ടി പറയുന്ന എവിടെയും പ്രവര്‍ത്തിക്കാന്‍ താന്‍ തയ്യാറാണ്. കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തോടെ സംസാരിച്ചതോടെ എന്റെ മനസിലെ എല്ലാ പ്രയാസങ്ങളും മാറിയതായും ചെന്നിത്തല ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു

أحدث أقدم