സംസ്ഥാനത്ത് പൊലീസിന് കഷ്ടകാലം; മണിമല എസ് ഐ യുടെ തലയ്ക്ക് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ




മണിമല: സംസ്ഥാനത്ത് പൊലീസുകാരുടെ കഷ്ടകാലം തുടരുന്നു. മറയൂരിനും ഏറ്റുമാനൂരിനും, വയനാടിനും, തെന്മലയ്ക്കും പിന്നാലെ ഏറ്റവുമൊടുവിൽ ഇപ്പോൾ പൊലീസുകാർക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത് മണിമലയിൽ ആണ്.

വധക്കേസ് പ്രതിയെ പിടിക്കാൻ എത്തിയ മണിമല സ്റ്റേഷനിലെ എസ്ഐയ്ക്കു നേരെയാണ് കോട്ടയത്ത് ആക്രമണമുണ്ടായത്. കോട്ടയം മണിമല വെള്ളാവൂരിൽ വച്ച് വെട്ടേറ്റ എസ്ഐ ഗുരുതരാവസ്ഥയിലാണ്. വധശ്രമ കേസിലെ പ്രതിയായ അജീഷിൻ്റെ പിതാവ് പ്രസാദാണ് എസ് ഐ വിദ്യാധരനെ ആക്രമിച്ചത്.

മണിമലസ്റ്റേഷനിലെ ഗ്രേഡ് എസ് ഐ വിദ്യാദരനാണ് വെട്ടേറ്റത്. വെള്ളാവൂർ ചുവട്ടടിപ്പാറയിലാണ് സംഭവം. വധശ്രമക്കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് മടങ്ങുമ്പോൾ പ്രതിയുടെ പിതാവ് ഇദേഹത്തിൻ്റെ തലയിലും കഴുത്തിലും വെട്ടുകയായിരുന്നു.

മാസങ്ങൾക്കു മുൻപുണ്ടായ വധശ്രമ കേസിലെ പ്രതിയായിരുന്നു അജീഷ്. നാളുകളായി ഒളിവിലായിരുന്ന പ്രതി വീട്ടിലെത്തിയത് അറിഞ്ഞ് എസ് ഐ വിദ്യാധരൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മണിമല വെള്ളൂരിലെ പ്രതിയുടെ വീട്ടിലെത്തുകയായിരുന്നു.

ഈ സമയം വീട്ടിലുണ്ടായിരുന്ന പ്രതി അജീഷിനെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. തുടർന്ന് പ്രതിയെ യുമായി വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയുടെ പിതാവ് പൊലീസുകാരെ ആക്രമിച്ചത്.

കത്തിയുമായി പാഞ്ഞെത്തിയ പ്രതി എസ്ഐയെ വെട്ടിവീഴ്ത്തി. ഒപ്പമുണ്ടായിരുന്ന പൊലീസുകാർ നാട്ടുകാരുടെ സഹായത്തോടെയാണ് ഇദ്ദേഹത്തെ ആദ്യം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചത്.

പ്രതി അജീഷിനേയും  പിതാവിനെയും സംഭവസ്ഥലത്തുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എസ്ഐയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥൻ്റെ തലയിലെ ഞരമ്പ് മുറിഞ്ഞിട്ടുള്ളതായി സൂചനയുണ്ട്.


أحدث أقدم