ലക്ഷ്മിയുടെ വീഡിയോകള്‍ ഇനി കിടു ആകും. സുരേഷ് ഗോപി സമ്മാനിച്ച ലാപ്‌ടോപ് ലക്ഷ്മിയുടെ കൈകളില്‍





പൂഞ്ഞാർ ( കോട്ടയം): നാസയുടെ നേത്യത്വത്തില്‍ നടത്തപ്പെടുന്ന വേള്‍ഡ് എഡ്യൂക്കേഷണല്‍ ഗ്ലോബ് പ്രോഗ്രാമില്‍, 112 രാജ്യങ്ങളിലായി നടത്തപ്പെട്ട മത്സരത്തില്‍ നിന്ന് 12 ബ്ലോഗര്‍മാരിലൊരാളായി തിരഞ്ഞെടുക്കപ്പെട്ട പൂഞ്ഞാര്‍ തെക്കേക്കര കുന്നോന്നി പള്ളിക്കുന്നേല്‍ വിജയകുമാറിന്റേയും ശ്രീജയുടേയും മകള്‍ ലക്ഷ്മി വി നായര്‍ക്ക് ഭരത് സുരേഷ് ഗോപി MP യുടെ സ്‌നേഹ സമ്മാനം. 

സുരേഷ് ഗോപി MP , തന്റെ പാലായിലുള്ള സുഹൃത്തിന്റെ വാക്കുകളിലൂടെ അറിഞ്ഞ, പൂഞ്ഞാര്‍ SMV സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ലക്ഷ്മി വി നായരുമായി സൂം മീറ്റിംഗിലൂടെ ആദ്യമായി മുഖാമുഖം സംസാരിച്ചു. അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച ലക്ഷ്മി മോള്‍ക്ക് സ്‌നേഹ സമ്മാനമായി താന്‍ വാങ്ങി നല്‍കിയ , ലാപ് ടോപ്പിലൂടെയായിരുന്നു അവരുടെ സമാഗമം.  
 ഈ സന്തോഷ നിമിഷങ്ങള്‍ക്ക് സാക്ഷികളായി ലക്ഷ്മിയുടെ അച്ഛന്‍ വിജയകുമാര്‍ , അമ്മ ശ്രീജ , സുരേഷ് ഗോപിയുടെ കുടുംബ സുഹൃത്ത് ബിജു പുളിക്കകണ്ടം , പൊതുപ്രവര്‍ത്തകനായ സന്തോഷ് കൊട്ടാരത്തില്‍ , വിഷ്ണു കൊട്ടാരത്തില്‍ ,ബി ജെ പി നേതാക്കളായ സുരേഷ് ഇഞ്ചയില്‍ , പി.കെ.രാജപ്പന്‍ .. എന്നിവരോടൊപ്പം അയല്‍വാസികളും ഉണ്ടായിരുന്നു.

നാസയുടെ പ്രോഗ്രാമുകളില്‍ ലക്ഷ്മി എങ്ങനെയാണു ഭാഗമാകുന്നതെന്നും.. അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. വളരെ അര്‍പ്പണബുദ്ധിയോടെ ചിട്ടയായ പഠന ക്രമങ്ങളിലൂടെ ഉന്നതങ്ങളിലെത്തണമെന്ന് ലക്ഷി മോളോടു സ്‌നേഹത്തോടെ ഉപദേശിച്ചു. വിദ്യാഭ്യാസ കാര്യങ്ങളിലടക്കം തന്റെ പിന്തുണയുണ്ടാകുമെന്നും ഉറപ്പു നല്‍കി. 

 ലക്ഷിയുടെ നേട്ടങ്ങളില്‍ താങ്ങും തണലുമായി കൂടെ നില്‍ക്കുന്ന മാതാപിതാക്കളെ പ്രത്യേകം അഭിനന്ദിച്ചു. ലക്ഷ്മിയുടെ പരിചയപ്പെടല്‍ , അതേ പേരും നാളുമായിരുന്ന, അപകടത്തില്‍ നഷ്ടമായ ആദ്യത്തെ മോളുടെ ഓര്‍മ്മകള്‍ വീണ്ടുമുണര്‍ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരേഷ് ഗോപി തന്റെ ഭാര്യ രാധികയുടെയും മക്കളായ ഗോകുല്‍ , ഭാഗ്യ , ഭാവ്‌നി , മാധവ് ഇവരുടെയും സ്‌നേഹാ ന്വേഷണം ലക്ഷ്മിയെയും കുടുംബത്തെയും അറിയിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണിനെ തുടര്‍ന്ന് , പാലാ ഈരാറ്റുപേട്ട വാഗമണ്‍ ഭാഗങ്ങളിലായി ജോഷി സംവിധാനം ചെയ്യുന്ന 'പാപ്പന്‍' എന്ന സുരേഷ് ഗോപി നായകനാവുന്ന സിനിമയുടെ ചിത്രീകരണം താത്കാലികമായി മുടങ്ങിയിരുന്നു. അതില്‍ മകന്‍ ഗോകുല്‍ സുരേഷും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. പാലായില്‍ , ഷൂട്ടിംഗ് പുനരാരംഭിക്കുന്ന അവസരത്തില്‍ വീണ്ടുമെത്തുമ്പോള്‍ നേരില്‍ കൂടിക്കാഴ്ച നടത്താമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

ഏഷ്യാ പസഫിക് മേഖലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക മത്സരാര്‍ത്ഥിയെന്ന നിലയിലും ഏറ്റവും പ്രായം കുറഞ്ഞയാളെന്ന നിലയിലും ലക്ഷ്മിയുടെ അംഗീകാരത്തിന്റെ തിളക്കമേറെയാണ്. ലക്ഷ്മിയുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്ന പൂഞ്ഞാര്‍ എസ്എംവി സ്‌കൂളിലെ മാനേജ്‌മെന്റിനെയും , അദ്ധ്യാപകരുടെയും പ്രത്യേകിച്ച് സയന്‍സ് സംബന്ധമായ കാര്യങ്ങളിലടക്കം ലക്ഷ്മിക്ക് പ്രചോദനമായ മാതൃകാദ്ധ്യാപകന്‍ പ്യാരിലാല്‍ സാറിന് എല്ലാ ഭാവുകങ്ങളും നേര്‍ന്നു.

أحدث أقدم