ബാധ ഒഴിപ്പിക്കാന്‍ അടി ചികിത്സ, ഏഴ് വയസുകാരനെ അമ്മയും സഹോദരിമാരും ചേര്‍ന്ന് തല്ലിക്കൊന്നു.

ജോവാൻ മധുമല
ചെന്നൈ/ അന്ധവിശ്വാസത്തെ തുടര്‍ന്ന് ഏഴുവയസുകാരനെ അമ്മയും സഹോദരിമാരും ചേര്‍ന്ന് ക്രൂരമായി തല്ലിക്കൊന്നു. തമിഴ്‌നാട്ടിലെ തിരുവണ്ണാമല കണ്ണമംഗലത്താണ് സംഭവം. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മൂന്ന് പേരെയും അറസ്റ്റുചെയ്തത്.
ഏഴുവയസുള്ള കുട്ടിയുടെ ശരീരത്തില്‍ പ്രേതബാധയുണ്ടെന്നും ഇതിനെ ഒഴിവാക്കുന്നതിന് വേണ്ടിയാണ് മര്‍ദിച്ചതെന്നുമാണ് ഇവര്‍ പറയുന്നത്. കുട്ടിയെ മര്‍ദിക്കുന്ന വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് അബോധാവസ്ഥയില്‍ നിലത്ത് വീണ് കിടക്കുന്ന കുട്ടിയ്ക്ക് വെള്ളം നല്‍കുന്നതാണ് കണ്ടത്. തുടര്‍ന്ന് പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കുട്ടി മരിച്ചതായി ബോധ്യപ്പെട്ടു.
കുട്ടിയുടെ ശരീരത്തില്‍ പ്രേതബാധയുണ്ടെന്ന അന്ധവിശ്വാസത്തെ തുടര്‍ന്ന് കേസില്‍ പ്രതികളായ മൂന്ന് സ്ത്രീകളും ചേര്‍ന്ന് ബാധ ഒഴിപ്പിക്കാന്‍ ഒരു ദുര്‍മന്ത്രവാദിയുടെ അടുത്ത് പോയിരുന്നു. ഒരു ദിവസം അവര്‍ മന്ത്രവാദിയുടെ അവിടെ ചെലവഴിക്കുകയും ചെയ്തു. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയതിന് ശേഷമാണ് ബാധ ഒഴിപ്പിക്കുന്നതിനായി അടി ചികിത്സ നടത്തിയത്.
കുട്ടിയുടെ അമ്മയായ തിലഗാവതി, സഹോദരിമാരായ കവിത, ഭാഗ്യലക്ഷ്മി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വെല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.


أحدث أقدم