യൂട്യൂബ് ചാനലിൽ അശ്ലീലം പറച്ചിൽ; പ്രമുഖ യൂട്യൂബർ പബ്ജി മദൻ അറസ്റ്റിൽ




ചെന്നൈ: യൂട്യൂബ് ചാനലിലെ അശ്ലീല വിഡിയോകൾക്ക് പ്രമുഖ യൂട്യൂബർ പബ്ജി മദൻ എന്ന മദൻകുമാർ മാണിക്കം അറസ്റ്റിൽ. സേലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഇന്ന് രാവിലെയാണ് തമിഴ്നാട് പൊലീസ് പിടികൂടിയത്. ധർമപുരിയിൽ നിന്ന് ഇയാളെ ചെന്നൈയിലെത്തിച്ചു. ഭാര്യ കൃതികയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 

ടോക്സിക് മദൻ 18+, പബ്ജി മദൻ ​ഗേൾ ഫാൻ, റിച്ചീ എന്നീ യൂട്യൂബ് ചാനലുകളാണ് മദൻ നടത്തിയിരുന്നത്. കൃതികയായിരുന്നു ചാനലുകളുടെ അഡ്മിൻ. ഈ നീക്കം കാഴ്ചക്കാരുടെ എണ്ണം കൂടാൻ ലക്ഷ്യമിട്ടുള്ളതായിരുന്നെന്നും പൊലീസ് പറഞ്ഞു.

159 സ്ത്രീകളാണ് മദനും ചാനലിനുമെതിരെ പരാതി നൽകിയത്. എട്ട് ലക്ഷത്തിലധികം വരിക്കാരുള്ള ചാനലിൽ പബ്ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ്ങിലൂടെ ലക്ഷങ്ങളാണ് മദൻ സമ്പാദിച്ചിരുന്നത്. രാജ്യത്ത് പബ്ജി നിരോധിച്ചിട്ടുണ്ടെങ്കിലും പല വഴികളിലൂടെ ഇപ്പോഴും കളിക്കാൻ കഴിയും. ഈ സാധ്യതയാണ് മദൻ ഉപയോഗപ്പെടുത്തിയത്.

 ‌സഹകളിക്കാരുമായി നടത്തുന്ന ദ്വയാർത്ഥ, അശ്ലീല പ്രയോഗങ്ങളായിരുന്നു ടോക്സിക് മദൻ 18 പ്ലസ് എന്ന ചാനലിന്റെ പ്രത്യേകത. പബ്ജി നിരോധിച്ചതിന് കേന്ദ്ര സർക്കാരിനെതിരെയും മദൻ അശ്ലീല പദപ്രയോഗം നടത്തുന്ന വീഡിയോകളും ചാനലിലൂടെ പുറത്തുവിട്ടിരുന്നു. 

തന്നെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്ന് യൂട്യൂബ് ലൈവിൽ മദൻ വെല്ലുവിളിച്ചിരുന്നു. മദന് വേണ്ടി തിരച്ചിൽ നടത്തുന്നതിനിടെയാണ് കൃതികയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ കൃതികയെ ജൂൺ 30വരെ റിമാൻഡ് ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് ലാപ്ടോപ്, ഹാർഡ് ഡിസ്ക്, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. യൂട്യൂബ് ചാനൽ മരവിപ്പിക്കാനുള്ള നീക്കം തുടങ്ങിയതായും പൊലീസ് അറിയിച്ചു. ഐ ടി നിയമത്തിലെ നാല് വകുപ്പുകളാണ് മദനെതിരെ ചുമത്തിയിരിക്കുന്നത്. കൂടാതെ നിരോധിത ഗെയിം കളിച്ചതിനും കേസുണ്ട്.


أحدث أقدم