'മുണ്ടക്കയം ബെവ്‌കോയിൽ വ്യാപക തിരിമറി; ജീവനക്കാർ കടത്തിയത് ആയിരം ലിറ്ററിലധികം മദ്യം



കോട്ടയം: ലോക്ക്‌ഡൗണിനിടെ മുണ്ടക്കയം ബെവ്‌കോ വിൽപനശാലയിൽ നിന്ന് ജീവനക്കാർ കടത്തിയത് ആയിരം ലിറ്ററിൽ അധികം മദ്യം.
പ്രാഥമിക അന്വേഷണത്തിൽ വ്യാപക തിരിമറി കണ്ടെത്തിയതോടെ എക്‌സൈസ് കേസെടുത്തു. സ്‌റ്റോക്കിൽ പത്ത് ലക്ഷത്തിലധികം രൂപയുടെ കുറവുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചപ്പോഴാണ് മുണ്ടക്കയത്ത് നിന്ന് ജീവനക്കാർ മദ്യം കടത്തിയത്.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് എക്‌സൈസ് പരിശോധന നടത്തിയത്.സംഭവത്തെ തുടർന്ന് നേരത്തെ തന്നെ ഔട്ട്‍ലെറ്റ് സീൽ ചെയ്‌ത്‌ ജീവനക്കാരിൽ നിന്ന് മൊഴിയെടുത്തിരുന്നു. ബിവറേജസ് കോർപറേഷൻ ഓഡിറ്റ് വിഭാഗവും എക്‌സൈസും ചേർന്ന് സ്‌റ്റോക്ക് പരിശോധിച്ചപ്പോഴാണ് ജീവനക്കാരുടെ വെട്ടിപ്പിന്റ ആഴം മനസിലായത്.
പ്രാഥമിക അന്വേഷണത്തിൽ ചുരുങ്ങിയത് ആയിരം ലിറ്റർ മദ്യത്തിന്റെ കുറവാണ് കണ്ടെത്തിയത്.ഔട്ട്‍ലെറ്റിൽ നിന്ന് തൊട്ടടുത്ത റബർ തോട്ടത്തിലേക്കാണ് ജീവനക്കാർ മദ്യക്കുപ്പികൾ മാറ്റിയിരുന്നത്. ഇവിടെ നിന്ന് വാഹനത്തിൽ കടത്തിക്കൊണ്ട് പോവുകയായിരുന്നു.
ജീവനക്കാരെ അടുത്ത ദിവസങ്ങളിൽ വിശദമായി ചോദ്യം ചെയ്യും. ജില്ലയിലെ മറ്റ് ബെവ്‌കോ ഔട്ട്‍ലെറ്റുകളിലും പരിശോധന നടത്തും.കോട്ടയത്തെ വെയർ ഹൗസിൽ നിന്നും ഔട്ട്‍ലെറ്റിലേക്ക് അയച്ച മദ്യത്തിന്റെ കണക്കും പരിശോധിക്കും.
ഇതിലൂടെ ജീവനക്കാർ കടത്തിയ മദ്യത്തിന്റെ കൃത്യമായ കണക്കാക്കുമെന്നാണ് വിവരം. എക്‌സൈസ് പരിശോധന തുടർന്നുള്ള ദിവസങ്ങളിലും നടക്കും.
أحدث أقدم