ഡെല്‍റ്റ പ്ലസ് അതീവ അപകടകാരി; കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്



 
23/06/2021
ന്യൂഡൽഹി: കോവിഡിന്റെ പുതിയ ഡെൽറ്റ പ്ലസ് വകഭേദം അതീവ അപകടകാരിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതിനോടകം ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ച കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകി.

രാജ്യത്ത് കോവിഡ് രണ്ടാംതരംഗത്തിന് കാരണമായ ഡെൽറ്റ വകഭേദത്തിന്റെ ജനിതക മാറ്റംവന്ന പുതിയ വകഭേദമാണ് ഡെൽറ്റ പ്ലസ്. കേരളം ഉൾപ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങളിലായി ഇതിനോടകം 22 പേർക്കാണ് ഡെൽറ്റാ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്.

ഡെൽറ്റാ പ്ലസ് സ്ഥിരീകരിച്ച ജില്ലകളിലും പ്രദേശങ്ങളിലും അടിയന്തരമായി കർശന പ്രതിരോധ നടപടികൾ സ്വീകരിക്കാൻ മൂന്ന് സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്രം നിർദേശം നൽകി. ഇവിടങ്ങളിൽ കോവിഡ് പരിശോധന വ്യാപകമാക്കണമെന്നും മുൻഗണനാടിസ്ഥാനത്തിൽ വാക്സിനേഷൻ നൽകണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.

സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുന്നറയിപ്പ് നൽകിയിട്ടുണ്ട്. നിലവിലുള്ള നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾ കൂടുതൽ ഫലപ്രദമാക്കണം. നിലവിൽ കുറച്ച് ആളുകൾക്ക് മാത്രമാണ് പുതിയ വകഭേദം പിടിപെട്ടത്. ഈ സംഖ്യ വർധിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ദേശീയ വാക്സിൻ അഡ്മിനിസ്ട്രേഷൻ വിദഗ്ധ സമിതി അധ്യക്ഷൻ ഡോ വികെ പോൾ വ്യക്തമാക്കി.

പുതിയ വകഭേദം കോവിഡ് മൂന്നാം തരംഗത്തിന് കാരണമായേക്കാമെന്ന് മഹാരാഷ്ട്രയിലെ ആരോഗ്യ വിദഗ്ധർ ഭയപ്പെടുന്നത്. പ്രവചിച്ചതിലും നേരത്തെ മൂന്നാം തരംഗം സംഭവിച്ചേക്കാമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. നിലവിൽ രാജ്യത്ത് സ്ഥിരീകരിച്ച ഡെൽറ്റാ പ്ലസ് കേസുകളിൽ ഭൂരിഭാഗവും മഹാരാഷ്ട്രയിലാണ്.


أحدث أقدم