സംസ്ഥാനത്ത് ആദ്യമായി ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി



ജോവാൻ മധുമല 
പത്തനംതിട്ട : കോവിഡ് 19 ന്റെ പുതിയ വേരിയന്റായ ഡെല്‍റ്റ പ്ലസ് ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ കണ്ടെത്തിയതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ട കടപ്രയില്‍ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

രോഗവ്യാപന ശേഷി കൂടുതലുള്ള ഈ വകഭേദം നിയന്ത്രിക്കുന്നതിനായാണ് പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.കടപ്ര പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ നാലു വയസുള്ള ആണ്‍ കുട്ടിയിലാണു പുതിയ വേരിയന്റായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. മേയ് മാസം 24 നാണ് കുട്ടി കോവിഡ് പോസിറ്റീവായത്.


കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ

നിലവില്‍ കുട്ടി കോവിഡ് നെഗറ്റീവാണ്. കുട്ടിയുടെ സ്രവത്തിന്റെ ജനിതക(ജീനോമിക്) പഠനത്തിലാണു പുതിയ വേരിയന്റായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. ന്യൂഡല്‍ഹിയിലെ സിഎസ്‌ഐആര്‍ - ഐജിഐബി (കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി)യില്‍ നടത്തിയ പരിശോധനയിലാണ് വകഭേദം കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് ഈ പ്രദേശത്ത് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. രോഗം പകരാതിരിക്കാനുള്ള കര്‍ശനമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകേന്ദ്രം തീരുമാനിച്ചു.
أحدث أقدم