ഉപ്പ് തിന്നവര്‍ വെള്ളം കുടിച്ചാല്‍ മതി’; മുഖ്യമന്ത്രിയെ പരിഹസിച്ച് കുഞ്ഞാലിക്കുട്ടി



മരം മുറികേസില്‍ മുഖ്യമന്ത്രിയുടെ പ്രതികരണത്തെ പരിഹസിച്ച് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. പുറത്ത് വന്ന വിവരങ്ങളില്‍ നിന്നും മനസിലാവുന്നത് പിടിച്ചതിലും വലുത് മാളത്തില്‍ തന്നെയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞത് പോലെ ഉപ്പ് തിന്നവര്‍ വെള്ളം കുടിച്ചാല്‍ മതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയത്തില്‍ ഉന്നതല ഉദ്യോഗസ്ഥര്‍ പങ്കുണ്ടെന്ന് പറയുമ്പോഴും അതില്‍ ഏത് തലം വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നതില്‍ കൃത്യമായി അന്വേഷണം നടത്തണം, ആരും കാണാതെ കൈയ്യില്‍ കൊണ്ട് വരാവുന്ന സ്വര്‍ണ്ണബിസ്‌ക്കറ്റ് അല്ലല്ലോ ഇതെന്നും കുഞ്ഞാലികുട്ടി ചോദിച്ചു.


കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം-

മരം മുറിക്കേസില്‍ ഇതുവരെ പുറത്ത് വന്ന വിവരങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഇനിയും നിരവധികാര്യങ്ങള്‍ പുറത്ത് വരാനുണ്ടെന്നാണ് മനസിലാവുന്നത്. പിടിച്ചതിലും വലുതാണ് മാളത്തില്‍ എന്ന് ഇതിലെ കഥ മുഴുവന്‍ കേട്ടാല്‍ നമുക്ക് തോന്നും. എവിടെയൊ എന്തോ പന്തികേടുണ്ട്. അല്ലെങ്കില്‍ ഇങ്ങനത്തെ എന്തെങ്കിലും കേരളത്തില്‍ നടക്കുമോ. അങ്ങനെ ഒന്ന് പതിറ്റാണ്ടുകളായി കേരളത്തില്‍ നടന്നിട്ടില്ലല്ലോ. കാട്ടിലെ മരം, തേവരുടെ ആന വലിയെടാ വലി എന്ന് പറഞ്ഞത് പോലെ കാട്ടിലെ മരങ്ങള്‍ കൊള്ളയടിക്കുന്ന കാലഘട്ടത്തില്‍ അല്ലല്ലോ ജീവിക്കുന്നത്. പരിസ്ഥിതിയെ കുറിച്ച് വലിയ അവബോധം ഉണ്ടാവുന്ന കാലഘട്ടത്തില്‍ തെരഞ്ഞെടുപ്പിന്റെ മറവില്‍ ഇത്രയും വലിയാരു വനം കൊള്ള നടന്നിട്ടും കാര്യമാക്കിനില്ലായെന്നാ നിലയില്‍ ഒതുങ്ങി പോകും എന്ന് കരുതി അവസാനിപ്പിക്കേണ്ടതല്ല ഈ വിഷയം. പതിറ്റാണ്ടുകളായി കേരളത്തില്‍ നിലനിന്നതും ഇപ്പോള്‍ ഇല്ലാതിരുന്നതുമായ ഒരു സംഭവം തിരിച്ചുവന്നിരിക്കുകയാണ്. റവന്യൂ,ഫോറസ്റ്റ് വിഭാഗങ്ങളെല്ലാം കാര്യങ്ങള്‍ അറിയും.

ആരും കാണാതെ കൊണ്ട് പോകാന്‍ കഴിയുന്ന സ്വര്‍ണ ബിസ്‌ക്കറ്റ് ഒന്നും അല്ലല്ലോ. പെരും മരമല്ലേ.ഏത് തലം വരെയുള്ള ഉന്നതര്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് അറിയണം. മാളത്തില്‍ കുഴിച്ചതിനേക്കാള്‍ വലുതുണ്ട്. വനംകൊള്ള തിരിച്ചുവന്ന കഥയാണിത്. സര്‍ക്കാരിന്റെ കളികണ്ടാല്‍ അറിയാം എന്തോ മൂടിവെക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന്. മുഖ്യമന്ത്രി പറഞ്ഞത് പോലെ ഉപ്പ് തിന്നവര്‍ വെള്ളം കുടിച്ചാല്‍ മതി.
أحدث أقدم