ലാഭവിഹിതം കുറച്ചതില്‍ പ്രതിഷേധം; സംസ്ഥാനത്ത് നാളെ മുതല്‍ ബാറുകള്‍ തുറക്കില്ല


വെയര്‍ ഹൗസ് മാര്‍ജിന്‍ ഉയര്‍ത്തിയത് തങ്ങളുടെ ലാഭവിഹിതം കുറയ്ക്കുമെന്ന് ഉയര്‍ത്തിക്കാട്ടി ബാറുടമകള്‍ പ്രതിഷേധത്തില്‍. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടുമെന്ന് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ അറിയിച്ചു. നഷ്ടമൊഴിവാക്കാന്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ ബാറുകള്‍ തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ബാറുടമകള്‍.

ബീവറേജസ് കോര്‍പ്പറേഷനുകളും ബാറുകളും രണ്ടുനിരക്കില്‍ മദ്യം വില്‍ക്കണമെന്ന തീരുമാനമാണ് ബാറുടമകളെ ചൊടിപ്പിച്ചത്. കണ്‍സ്യൂമര്‍ ഫെഡിന്റേത് എട്ടില്‍ നിന്നും 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് വെയര്‍ ഹൗസ് മാര്‍ജിന്‍ ഉയര്‍ത്തിയിരുന്നത്. വെയര്‍ ഹൗസ് മാര്‍ജിന്‍ ഉയര്‍ത്തിയാലും എംആര്‍പി നിരക്കില്‍ നിന്നും വിലകൂട്ടി മദ്യം വില്‍ക്കാനാകാത്തതാണ് ബാറുടമകള്‍ ചൂണ്ടിക്കാണിക്കുന്ന പ്രശ്‌നം. ഇത് ചൂണ്ടിക്കാട്ടി ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. പ്രശ്‌നം പരിശോധിച്ചിട്ട് ഉടന്‍ പരിഹാരം കാണാമെന്നാണ് സര്‍ക്കാര്‍ ഇവര്‍ക്ക് ഉറപ്പ് നല്‍കിയത്.

10 ശതമാനം വെയര്‍ഹൗസ് ചെലവും 15 ശതമാനം വില്‍പ്പന ലാഭവും ഉള്‍പ്പെടെയാണ് 25 ശതമാനം എന്ന നിരക്കില്‍ ബീവറേജസ് കോര്‍പ്പറേഷന്‍ വില ഈടാക്കുന്നത്. അടിസ്ഥാനവിലയ്ക്ക് മാത്രമല്ല എക്‌സൈസ് വില്‍പ്പന നികുതികളും സെസും ഉള്‍പ്പെടുന്ന തുകയ്ക്ക് അഞ്ച് ശതമാനം വര്‍ദ്ധനവ് വരുമ്പോള്‍ തങ്ങള്‍ എങ്ങനെ പിടിച്ചുനില്‍ക്കുമെന്നാണ് ബാര്‍ ഉടമകള്‍ ചോദിക്കുന്നത്. പുതിയ നികുതി സംവിധാനം നിലവില്‍ വന്നതോടെ ബാറുകളില്‍ നിന്നും മദ്യം വാങ്ങാന്‍ ലിറ്ററിന് കുറഞ്ഞത് 120 രൂപയെങ്കിലും നല്‍കേണ്ടതായി വരും. കൊവിഡ് വ്യാപനത്തെ ചെറുക്കുന്നതിനായി ഇക്കഴിഞ്ഞ ഏപ്രില്‍ 26നായിരുന്നു സംസ്ഥാനത്ത് മദ്യവില്‍പ്പന നിര്‍ത്തിവെച്ചത്.
أحدث أقدم