പോലീസിന്റെ ക്രൂരത, നടുറോഡിൽവെച്ച് പോലീസ് തല്ലിയ യുവാവ് മരിച്ചു

ജോവാൻ മധുമല 
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും പോലീസിന്റെ ക്രൂരത. പട്ടാപ്പകൽ നടുറോഡിൽവെച്ച് പോലീസ് വളഞ്ഞിട്ട് തല്ലിയ യുവാവ് മരിച്ചു.
സേലം സ്വദേശി മുരുകേശനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ എസ്.എസ്.ഐയായ പെരിയസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച വൈകീട്ട് സേലത്തെ ഏതാപൂരിന് സമീപത്തെ ചെക്ക്പോസ്റ്റിൽവെച്ചാണ് മുരുകേശനെ പോലീസ് ക്രൂരമായി മർദിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുരുകേശനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ആദ്യം സമീപത്തെ ആശുപത്രിയിലെത്തിച്ചു. പിന്നീട് സേലത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചു.


 
കോവിഡ് വ്യാപനം രൂക്ഷമായതിനാൽ സേലത്ത് മദ്യക്കടകൾ തുറന്നിട്ടില്ലായിരുന്നു. ഇതിനെത്തുടർന്ന് സമീപ ജില്ലയായ കല്ലക്കുറിച്ചിയിൽ പോയി മദ്യം വാങ്ങി തിരിച്ചുവരുന്നതിനിടെയാണ് മുരുകേശനെ പോലീസ് തടഞ്ഞത്.

തുടർന്ന് എസ്.എസ്.ഐ.യായ പെരിയസ്വാമിയുടെ നേതൃത്വത്തിൽ ലാത്തി കൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. റോഡിൽ വീണ മുരുകേശനെ റോഡിലിട്ടും പോലീസുകാരൻ തല്ലിച്ചതച്ചു. അതേസമയം, മുരുകേശൻ അസഭ്യം പറഞ്ഞതാണ് മർദനനത്തിന് കാരണമെന്ന് സംഘത്തിലുണ്ടായിരുന്ന പോലീസുകാരൻ പറഞ്ഞു.


 

സംഭവം വിവാദമായതോടെ ക്രൂരമർദനത്തിന് നേതൃത്വം നൽകിയ എസ്.എസ്.ഐ. പെരിയസ്വാമിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇയാളെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

എസ്.പിയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷം ജൂണിൽ തൂത്തുക്കുടിയിൽ ജയരാജ് എന്ന കച്ചവടക്കാരനെയും മകൻ ബെന്നിക്സിനേയും പോലീസ് മർദിച്ച് കൊലപ്പെടുത്തിയ സംഭവം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
أحدث أقدم