മെഡിക്കല്‍ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന; തൃശൂരില്‍ അഞ്ച് യുവാക്കള്‍ പിടിയില്‍

ജോവാൻ മധുമല 
തൃശൂർ: മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്ന അതിതീവ്ര മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എം.ഡി.എം.എ കൈവശം വച്ചതിന് അഞ്ച് യുവാക്കൾ മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായി.

മങ്ങാട് കോട്ടപ്പുറം പുത്തൂർ വീട്ടിൽ ജിത്തു തോമസ് (26), മങ്ങാട് കോട്ടപ്പുറം കിഴക്കൂട്ടിൽ അഭിജിത്ത് (23), നെല്ലുവായി മണ്ണൂർ പനയംപറമ്പിൽ ശരത്ത് (24), കാണിപ്പയ്യൂർ മലയംചാത്ത് രഞ്ചിത്ത് (19), കുണ്ടന്നൂർ വടക്കുമുറി എഴുത്തുപുരയ്ക്കൽ സനീഷ് (24) എന്നിവരെയാണ് മെഡിക്കൽ കോളേജ് എസ്. എച്ച്.ഒ അനന്തലാലും സംഘവും പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറും പൊലീസ് പിടിച്ചെടുത്തു.

ജിത്തു, ശരത്ത്, അഭിജിത്ത് എന്നിവരാണ് കാറിൽ സഞ്ചരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. മയക്കുമരുന്നുകൾ വീട്ടിൽ സൂക്ഷിക്കുന്നതും, വിൽപ്പന നടത്തുന്നതിനുള്ള ആസൂത്രണം നടത്തുന്നതും കുണ്ടന്നൂരിലെ സനീഷിന്റെ വീട്ടിൽ വച്ചാണ്. സംഘത്തിലെ പ്രധാനി ജിത്തുവിന് രഞ്ജിത്താണ് മയക്കു മരുന്ന് എത്തിച്ചുകൊടുക്കുന്നത്. രഞ്ജിത്തിന് മയക്കു മരുന്ന് വിതരണം ചെയ്യുന്നയാളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് ചില വിദ്യാർത്ഥികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് മുമ്പും പൊലീസിന് സൂചനകൾ ലഭിച്ചിരുന്നു. മയക്കു മരുന്നിന്റെ ആവശ്യകത അനുസരിച്ചാണ് വില ഈടാക്കുന്നത്. എ.സി.പി: ബേബിയുടെ നിർദേശാനുസരണം മെഡിക്കൽ കോളേജ് എസ്. എച്ച്.ഒ: എ. അനന്തലാൽ, എസ്.ഐ: വിജയരാജൻ, എ.എസ്.ഐ: സന്തോഷ് കുമാർ, സി.പി.ഒമാരായ സതീഷ് കുമാർ, പ്രകാശൻ, അഖിൽ വിഷ്ണു, രാഹുൽ, ബിനീഷ്, ഡ്രൈവർ സീനിയർ സി.പി.ഒ: എബി, ഐ.ആർ ബറ്റാലിയനിലെ സി.പി.ഒമാരായ രഞ്ചു, അനീഷ്, അരുൺ, ആന്റോ റോബർട്ട് എന്നിവരാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ അറസ്റ്റുചെയ്തത്.

أحدث أقدم