വൻ വ്യാജമദ്യ വേട്ട. പിടികൂടിയത് 25 ലക്ഷം രൂപയുടെ മദ്യം

  

നെയ്യാറ്റിന്‍കര/ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാജ മദ്യ വിൽപ്പന പൊടിപൊടിക്കുകയാണെന്ന സൂചനകൾ നൽകികൊണ്ട് തിരുവനന്തപുരത്ത് വൻ വ്യാജമദ്യ വേട്ട. തിരുവനന്തപുരത്ത് 4500 കുപ്പി വ്യാജമദ്യവുമായി രണ്ടുയുവാക്കളെ എക്‌സൈസ് പിടികൂടി. അമരവിള ടോള്‍ ജംഗ്ഷന്‍ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് 4500 കുപ്പി വ്യാജമദ്യവുമായി രണ്ട് യുവാക്കള്‍ അറസ്റ്റിലായത്. ചാരോട്ടുകോണം സ്വദേശിയും സ്പിരിറ്റ് കേസ് ഉള്‍പ്പെടെ നിരവധി അബ്കാരി കേസിലെ പ്രതിയുമായ പ്രശാന്ത് (29), ഊരമ്പ് ചൂഴാല്‍ സ്വദേശി സൂരജ് (28) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.
എക്‌സൈസ് സംഘം അമരവിള ടോള്‍ ജംഗ്ഷനില്‍ നടത്തിയ വാഹന പരിശോധനയില്‍ രണ്ട് കെയ്‌സ് മദ്യവുമായിട്ടാണ് പ്രതികള്‍ ആദ്യം പിടിയിലായത്. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സൂരജിന്റെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന വ്യാജമദ്യ ശേഖരത്തെക്കു റിച്ച് എക്‌സൈസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
എക്‌സൈസ് പിടികൂടിയ വ്യാജ മദ്യത്തിന് വിപണിയില്‍ 25 ലക്ഷം രൂപ വിലയുണ്ട്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജിത് കുമാര്‍, പ്രിവന്റിവ് ഓഫിസര്‍മാരായ ജയശേഖര്‍, ഷാജു, സനല്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ നൂജു, സതീഷ്‌കുമാര്‍, ടോണി, അരുണ്‍, സ്റ്റീഫന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.



أحدث أقدم